Breaking News
ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം |
ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്നതിനുള്ള അന്തിമകരാറായി,നന്ദി അറിയിച്ച് കുവൈത്ത്-ഖത്തർ വിദേശകാര്യ മന്ത്രിമാർ 

December 04, 2020

December 04, 2020

UPDATED

കുവൈത്ത് സിറ്റി: സൗദി അറേബ്യ ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റം ഉണ്ടായതായി കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍-മുഹമ്മദ് അല്‍ സബാഹ്. ഗള്‍ഫ്, അറബ് മേഖലയുടെ സ്ഥിരതയ്ക്കും ഐക്യത്തിനുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് കുവൈത്ത് ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. 

'അന്തരിച്ച മുന്‍ കുവൈത്ത്അമീര്‍ ശൈഖ് സബാഹ് അല്‍-അഹ്മദ് അല്‍ ജാബെര്‍ അല്‍-സബായുടെ  നേതൃത്വത്തില്‍ നടന്നിരുന്നതും നിലവിലെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍-അഹ്മദ് അല്‍-ജാബെര്‍ അല്‍സബാഹിന്റെയും  കുവൈത്തിന്റെ സുഹൃദ്‌രാജ്യമായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നേതൃത്വത്തില്‍ തുടരുന്നതുമായ ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി അടുത്തിടെ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായി. ഇതില്‍ പങ്കെടുത്ത എല്ലാ കക്ഷികളും ഗള്‍ഫ്, അറബ് മേഖലയുടെ സ്ഥിരതയ്ക്കും ശാശ്വതമായ ഐക്യത്തിനും ജനങ്ങളുടെ നന്മയ്ക്കുമായി നില കൊണ്ടു.' -കുവൈത്ത് വിദേശകാര്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

ഇക്കാര്യത്തില്‍ അടുത്തിടെ നടത്തിയ വിലയേറിയ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നറെ മന്ത്രി അഭിനന്ദിച്ചു. 

കുവൈത്ത്  മന്ത്രിയുടെ പ്രസ്താവനയോട് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി ട്വിറ്ററിലൂടെ പ്രതികരിച്ചു. 

'ജി.സി.സി പ്രതിസന്ധി പരിഹരിക്കുന്നതിലേക്കുള്ള നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് കുവൈത്തിന്റെ പ്രസ്താവന. പ്രശ്‌നം പരിഹരിക്കാനായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ കുവൈത്തിനോട് ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ഒപ്പം അമേരിക്കയുടെ ശ്രമങ്ങള്‍ക്കും നന്ദി പറയുന്നു. ഗള്‍ഫിലെയും അറബ് മേഖലയിലെയും ജനങ്ങളുടെ താല്‍പ്പര്യവും സുരക്ഷയും ഞങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതായി തുടരും.' -ഇതായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്. 

അടുത്ത ആഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് ഉച്ചകോടി ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പുതിയ കരാര്‍ അവതരിപ്പിക്കാന്‍ കുവൈത്തിന് ലഭിക്കുന്ന മികച്ച അവസരമാകുമെന്ന് അല്‍ജസീറയുടെ പൊളിറ്റിക്കല്‍ അനലിസ്റ്റായ മര്‍വാന്‍ ബിഷാര പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ജാരെദ് കുഷ്‌നര്‍ കാര്യമായ പങ്കുവഹിച്ചുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ഈ കളിയില്‍ വൈകിയാണ് കുഷ്‌നര്‍ എത്തിയത്. ഇതിന്റെ ക്രെഡിറ്റ് നേടാനാണ് അദ്ദേഹം എത്തിയത്. നേരത്തേ എത്തിയ അദ്ദേഹം നേരത്തേ തന്നെ പോകുകയും ചെയ്തു. എന്നാല്‍ ഈ വരവും പോക്കും ഫലവത്തായില്ല. കാരണം, ഖത്തറും സൗദിയുമാണ് ഇതിനായി പ്രവര്‍ത്തിച്ചതെന്നും കുവൈത്ത്  വര്‍ഷങ്ങളായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുകയാണെന്നും എല്ലാവര്‍ക്കും അറിയാം.' -ബിഷാര പറഞ്ഞു. 

യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് പ്രതിസന്ധിയിലാണ് കുഷ്‌നര്‍ പങ്കുവഹിച്ചത്. ഖത്തറിനെതിരെ എന്തൊക്കെയോ നീക്കങ്ങള്‍ നടക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപും ഗള്‍ഫിലെ അമേരിക്കയുടെ സഖ്യകക്ഷികളും കൂടിക്കാഴ്ച നടത്തുമ്പോള്‍ സൗദിയിലുണ്ടായിരുന്ന കുഷ്‌നറിന് അറിയാമായിരുന്നുവെന്നാണ് അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സൺ പറഞ്ഞത്. എന്നാല്‍ കുഷ്‌നര്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. സ്വന്തം സ്റ്റേറ്റ് സെക്രട്ടറിയോട് പോലും കുഷ്‌നര്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും മര്‍വാന്‍ ബിഷാര പറഞ്ഞു. 

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ മുതലാണ് ഖത്തറിനെ ഉപരോധിക്കാന്‍ ആരംഭിച്ചത്. കര, ജല, വായു മാര്‍ഗങ്ങളില്‍ ഖത്തറിനെ ഉപരോധിച്ച നാല് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധവും വിഛേദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഖത്തര്‍ അന്ന് തന്നെ ശക്തമായി നിഷേധിച്ചു. 

ഉപരോധം അവസാനിപ്പിക്കാനായി, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചു പൂട്ടുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ നിലപാടെടുത്തു.

ജാരെദ് കുഷ്നര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിച്ചിരുന്നു. സൗദിയിലെ നിയോമില്‍ വച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരി 20 ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ക്കായാണ് കുഷ്നര്‍ എത്തിയത്. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കുഷ്‌നറും സംഘവും ഖത്തറിലെത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.    

ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ച് ഇറാനെതിരെ ജി.സി.സിയെ ഒന്നിച്ച് അണിനിരത്താനാണ് അമേരിക്കയുടെ ശ്രമം. ഇറാനുമായി അടുത്ത ബന്ധമാണെന്ന് കൂടി ആരോപിച്ചായിരുന്നു അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. 

മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പ്രതിനിധികളായ എവി ബെര്‍കോവിറ്റ്‌സ്, ബ്രയാന്‍ ഹുക്ക്, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ആദം ബോഹ്ലര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം കുഷ്‌നര്‍ക്കൊപ്പം ഉണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കുന്നതിനും ഇറാനെ ഒറ്റപ്പെടുത്തുന്നതിനുമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഈ സംഘമാണ്.

ഉപരോധം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടെ,ആദ്യഘട്ടമെന്ന നിലയിൽ ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ വ്യോമവിലേക്ക് പിൻവലിക്കാനായിരിക്കും സാധ്യതയെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News