Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറില്‍ കൊറോണ വൈറസ് എത്തിയിട്ട് ഒരു വര്‍ഷം; കഴിഞ്ഞ വര്‍ഷത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

March 17, 2021

March 17, 2021

ദോഹ: ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ലോകത്തെയാകെ പിടിച്ച് കുലുക്കുകയും നിശ്ചലമാക്കുകയും ചെയ്ക നോവല്‍ കൊറോണ വൈറസ് എന്ന സാര്‍സ് കൊവ്-2 വൈറസും കൊവിഡ്-19 എന്ന രോഗവും ഖത്തറില്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. വൈറസ് വ്യാപനം തടയാനും രോഗത്തെ നേരിടാനും ഖത്തര്‍ നിരവധി നിയന്ത്രണങ്ങളാണ് ഇക്കാലയളവില്‍ ഏര്‍പ്പെടുത്തിയത്. 

ഐസൊലേഷന്‍, ക്വാറന്റൈന്‍, ഇഹ്തറാസ് ആപ്പ്, തുടങ്ങിയ പരിചിതമല്ലാതിരുന്ന നിരവധി വാക്കുകളാണ് ജനങ്ങള്‍ കൊവിഡിന്റെ വരവിനെ തുടര്‍ന്ന് കേട്ടത്. ഇന്ന് ഈ വാക്കുകള്‍ ജനങ്ങള്‍ക്ക് സുപരിചിതമാണ്. കൂടാതെ ഏറ്റവും വലിയൊരു മാറ്റമാണ് ജനങ്ങളുടെ മുഖത്തെ മാസ്‌ക്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം ഖത്തറിലുണ്ടായ പ്രധാന സംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. 

2020 ഫെബ്രുവരി 29: ഖത്തറില്‍ ആദ്യമായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ 36 കാരനായ ഖത്തരി യുവാവിനാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 

മാര്‍ച്ച് 8: ലെബനന്‍, ഇറാഖ്, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് ഖത്തര്‍ യാത്രാ നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തി. 

മാര്‍ച്ച് 10: സ്വകാര്യ-പൊതുവിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, പൊതുഗതാഗത സംവിധാനം എന്‌നിവ അടച്ചു. 

മാര്‍ച്ച് 11: കൊവിഡ്-19 രോഗത്തെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഖത്തറിലെ ആദ്യ ഔദ്യോഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലോല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖതെര്‍ ആണ് ഇത് പ്രഖ്യാപിച്ചത്. 

മാളുകള്‍, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്ക് ശാഖകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള സലൂണുകള്‍ എന്നിവ അടച്ചു. ഹോം സര്‍വ്വീസുകള്‍, ഹോട്ടലുകളിലെ ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ത്തിവച്ചു. പലചരക്ക് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് ഇതില്‍ ഇളവ് ഉണ്ടായിരുന്നത്. ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. 

മാര്‍ച്ച് 13: തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ജിമ്മുകള്‍, വിവാഹവേദികള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചു. 

മാര്‍ച്ച് 18: ഇന്‍ബൗണ്ട് വിമാന സര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു. എന്നാല്‍ കാര്‍ഗോ സര്‍വ്വീസ് തുടര്‍ന്നു. 

ഏപ്രില്‍ 21: റസ്റ്ററന്റുകളിലും കഫേകളിലും അകത്തും പുറത്തും ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത് വാണിജ്യ-വ്യവസായ മന്ത്രാലയം വിലക്കി. ഹോം ഡിലിവറിക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. പലചരക്ക് കടകള്‍, മെഡിക്കല്‍ സേവനങ്ങള്‍, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവ തുടര്‍ന്നു.

മെയ് 22: ഖത്തറിന്റെ ട്രാക്ക് ആന്റ് ട്രേസിങ് ആപ്പായ ഇഹ്തറാസ് ആപ്പ് അവതരിപ്പിച്ചു. ഒരു വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രം അനുമതി. കുടുംബ ഡ്രൈവര്‍ ഓടിക്കുന്ന കാറിലോ ടാക്‌സിയിലോ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം. പകുതി ശേഷിയില്‍ ബസുകള്‍ ഓടിക്കാന്‍ അനുമതി. ഗ്രൂപ്പ് ആയുള്ള കായിക പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. 

ജൂണ്‍ 8: എല്ലാ നിയന്ത്രണങ്ങളും ജൂണ്‍ 15 മുതല്‍ സാവധാനം നീക്കാനുള്ള നാല് ഘട്ട പദ്ധതി ഖത്തര്‍ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടം ജൂലൈ ഒന്നിനും മൂന്നാം ഘട്ടം ഓഗസ്റ്റ് ഒന്നിനും നാലാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനും ആരംഭിച്ചു. 

ജൂണ്‍ 15: നാല് ഘട്ട പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. വെള്ളിയാഴ്ച നിസ്‌കാരം ഒഴിവാക്കി ചില പള്ളികള്‍ തുറക്കാന്‍ അനുമതി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി. 

ജൂലൈ 1: രണ്ടാം ഘട്ടം ആരംഭിച്ചു. റസ്റ്ററന്റുകള്‍, പള്ളികള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ ഭാഗികമായി തുറന്നു. പരിമിതമായ ശേഷിയിലും പരിമിതമായ പ്രവൃത്തി സമയത്തും മ്യൂസിയങ്ങള്‍ക്കും ലൈബ്രറികള്‍ക്കും തുറക്കാന്‍ അനുമതി. പൊതു-സ്വകാര്യ മേഖലകളിലെ 50 ശതമാനം ജീവനക്കാരെ ആവശ്യമനുസരിച്ച് കര്‍ശനമായ സുരക്ഷാ സാഹചര്യങ്ങളില്‍ ജോലിസ്ഥലത്ത് അനുവദിച്ചു. ഒത്തുചേരാവുന്നവരുടെ പരമാവധി എണ്ണം പത്തില്‍ നിന്ന് അഞ്ചായി കുറച്ചു. 

ഓഗസ്റ്റ് 1: ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ അസാധാരണ എന്‍ട്രി പെര്‍മിറ്റ് (ഇ.ഇ.പി) സൗകര്യം ഏര്‍പ്പെടുത്തുന്നു. ഖത്തറിന് പുറത്തുള്ള താമസക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനായി ഇ.ഇ.പി ലഭിക്കാനായി അപേക്ഷിക്കാം. മുന്‍ഗണനയുള്ള യാത്രക്കാര്‍ക്ക് അപകടസാധ്യത കുറഞ്ഞ ഇന്‍ബൗണ്ട് വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഷോപ്പിങ് സെന്ററുകള്‍ പൂര്‍ണ്ണശേഷിയില്‍ തുറന്നു. 

റസ്റ്ററന്റുകള്‍ പരിമിതമായ ശേഷിയില്‍ തുറന്നു. ഡ്രൈവിങ് സ്‌കൂളുകള്‍ വീണ്ടും തുറന്നു. 80 ശതമാനം ജീവനക്കാര്‍ ജോലിസ്ഥലത്തേക്ക് മടങ്ങി. എല്ലാ പള്ളികള്‍ക്കും വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്താന്‍ അനുമതി. എന്നാല്‍ ശൗചാലയങ്ങളും വുളുവിനുള്ള സൗകര്യവും അടച്ചിട്ടു. 

ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിറ്റ്‌നസ് ഹാളുകള്‍, ബ്യൂട്ടി സലൂണുകള്‍, ഹെയര്‍ ഡ്രസറുകള്‍, മസാജ് സെന്ററുകള്‍, മസാജ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ തുറക്കാന്‍ അനുമതി. 

സെപ്റ്റംബര്‍ 15: നൂറ് ശതമാനം ജീവനക്കാരും ജോലിസ്ഥലത്തേക്ക് മടങ്ങുന്നു. സിനിമാശാലകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി. ഹോസ്പിറ്റാലിറ്റി, ക്ലീനിങ് സേവനങ്ങള്‍ പുനരാരംഭിച്ചു. 

ഒക്ടോബര്‍ 13: ക്വാറന്റൈന്‍ നിയമങ്ങള്‍ ഖത്തര്‍ വിപുലീകരിച്ചു. രാജ്യത്തെത്തുന്ന യാത്രക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തുകയും ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് എഴുതി ഒപ്പിട്ട് കൊടുക്കുകയും വേണം. 

ഒക്ടോബര്‍ 25: കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭ്യമായാല്‍ അത് വാങ്ങുന്നതിനായി മൊഡേണയുമായി ഖത്തര്‍ കരാര്‍ ഒപ്പുവച്ചു. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. 

നവംബര്‍ 29: ഖത്തറിലെ താമസക്കാര്‍ക്കുള്ള യാത്രാനിയമങ്ങളില്‍ മാറ്റം. രാജ്യത്ത് നിന്ന് പുറപ്പെടുന്നതിനു മുമ്പ് ഇ.ഇ.പി സ്വയം സ്വീകരിക്കുന്നു. 

ഡിസംബര്‍ 21: ലോകരാജ്യങ്ങള്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ ഖത്തറും ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ 70 വയസിനു മുകളിലുള്ള വയോധികര്‍, 16 വയസിന് മുകളിലുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് പ്രഖ്യാപനം. 

ഡിസംബര്‍ 23: ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ പ്രസിഡന്റായ 79 കാരന്‍ അബ്ദുല്ല അല്‍ കുബൈസിക്ക് ഖത്തറിലെ ആദ്യ വാക്‌സിന്‍ ഡോസ് നല്‍കി. 

2021 ജനുവരി 3: വാക്‌സിനേഷന്‍ ക്യാമ്പെയിനിന്റെ ആദ്യഘട്ടം ആരംഭിച്ചതിന് പിന്നാലെ വാക്‌സിന്റെ രണ്ടാം ലോഡ് എത്രയും വേഗം എത്തിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. 

ജനുവരി 4: വാക്‌സിന്‍ ലഭിക്കാനായി 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ ലഭിക്കാനുള്ള യോഗ്യത ഓരോ രണ്ടാഴ്ചയിലും പുതുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജനുവരി 14: ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ പ്രസിഡന്റായ 79 കാരന്‍ ഡോ. അബ്ദുല്ല അല്‍ കുബൈസിക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ലഭിക്കുന്നു. 

ജനുവരി 17: ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപനം. എച്ച്.എം.സിയില്‍ നേരിട്ടുള്ള അപ്പോയിന്റ്‌മെന്റുകള്‍ പുനരാരംഭിച്ചു. 

ജനുവരി 21: വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഖത്തറില്‍ 17000 ത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. 

ഫെബ്രുവരി 3: കൊവിഡ് രണ്ടാം തരംഗം തടാനായുള്ള നിയന്ത്രണങ്ങള്‍ നാല് തലത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം. എല്ലാ തലങ്ങളും ഓരോ മൂന്നാഴ്ചയിലും അവലോകനം ചെയ്യും. നിയമലംഘകരെ പിടികൂടാനായി പൊലീസ് പട്രോളിങ് വര്‍ധിപ്പിച്ചു. 

ഫെബ്രുവരി 9: നേരിട്ടുള്ള അപ്പോയിന്റ്‌മെന്റുകള്‍ എച്ച്.എം.സി നിര്‍ത്തി. കണ്‍സല്‍റ്റേഷനുകള്‍ ഫോണ്‍ വഴി. 

ഫെബ്രുവരി 10: രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൊഡേണ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തറില്‍ അനുമതി. 

ഫെബ്രുവരി 15: രാജ്യത്ത് 60 വയസിന് മുകളിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. 

ഫെബ്രുവരി 18: ഖത്തറിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് അധികൃതര്‍. അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കാനായി ക്യു.എന്‍.സി.സിയില്‍ പ്രത്യേക കേന്ദ്രം. 

ഫെബ്രുവരി 25: വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കും അതേ വീട്ടിലെ മുതിര്‍ന്നവര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന സേവനം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് (എച്ച്.എച്ച്.എസ്) ആരംഭിച്ചു. 

ഫെബ്രുവരി 28: വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കാനായി ലുസൈലില്‍ പുതിയ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചു. 

മാര്‍ച്ച് 3: ഖത്തറിലെ 70 വയസിനു മുകളില്‍ പ്രായമുള്ള 60 ശതമാനത്തിലധികം പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും ലഭിച്ചതായി കണക്കുകള്‍. വാക്‌സിന്‍ എടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ ഓരോ ആഴ്ചയിലും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നെഗറ്റീവ് പരിശോധനാ ഫലമോ ഇഹ്തറാസ് ആപ്പിലെ ഗോള്‍ഡന്‍ ഫ്രെയിമോ കാണിക്കാത്ത ജീവനക്കാര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

മാര്‍ച്ച് 4: മൊഡേണ, ഫൈസര്‍ വാക്‌സിനുകളുടെ ലഭ്യത കൂടിയതിനാല്‍ വാക്‌സിന്‍ ലഭിക്കാനുള്ള പ്രായപരിധി 50 ആക്കി കുറച്ചു.  

മാര്‍ച്ച് 7: റെഡ് സോണ്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന വാക്‌സിനെടുത്തവര്‍ക്കും അവരുടെ കുട്ടികള്‍ക്കുമുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി.  അവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി. 

മാര്‍ച്ച് 8: വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ 327,582 പേര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി അധികൃതര്‍. 60 വയസിനും അതിന് മുകളിലും പ്രായമുള്ളവരില്‍ പകുതി പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു. 80 വയസിനു മുകളില്‍ പ്രായമുള്ളവരുടെയും 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെയും 61 ശതമാനം പേര്‍ക്കും, 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 55 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു. 

മാര്‍ച്ച് 10: വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ വിപുലമാക്കാന്‍ ഖത്തര്‍. പൊതു-സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരിലെയും ജീവനക്കാരിലെയും പകുതിയോളം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു. ഖത്തറിലെ ജനസംഖ്യയുടെ 12 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. 

മാര്‍ച്ച് 11: പുതിയ ആരോഗ്യ പാസ്‌പോര്‍ട്ട് അവതരിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സ്. 

മാര്‍ച്ച് 16: ഖത്തറില്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന യു.കെ പതിപ്പ് സ്ഥിരീകരിച്ചു. യു.കെ പതിപ്പിനെതിരെയും വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. 

മാര്‍ച്ച് 17: വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം ഖത്തറില്‍ 510,000 കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിവാര നിരക്ക് 270 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ആഴ്ചയും ഒരു ലക്ഷത്തിലധികം ഡോസുകള്‍ നല്‍കുന്നതായി മന്ത്രാലയം വ്യക്തമാക്കി. 

മാര്‍ച്ച് 17 വരെ ഖത്തറിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 171,212 പേര്‍. രോഗമുക്തി നേടിയവരുടെ എണ്ണം 158,853. നിലവിലുള്ള രോഗികളുടെ എണ്ണം 12,091. ഇതുവരെ 268 മരണങ്ങള്‍. 

ലോകത്ത് കൊവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News