Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് അന്തരിച്ചു 

January 11, 2020

January 11, 2020

മസ്കത്ത് :  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായി തുടർന്ന അദ്ദേഹം ആധുനിക ഒമാന്റെ ശില്‍പിയായാണ്  അറിയപ്പെടുന്നത്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയായിരുന്നു അന്ത്യം.സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനിൽ മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരിയെ കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്.ഇതിനായി രാജകുടുംബവും ഉന്നത സൈനിക സമിതിയും അടിയന്തര യോഗം ചേരും.

49 വര്‍ഷം തുടര്‍ച്ചയായി രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികളും വഹിച്ച പരമാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. ഒമാനി ജനതയുടെ പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏക മകന്‍. ഇംഗ്ലണ്ടിലായിരുന്നു ഉപരിപഠനം. 1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. ഊഷര ഭൂമിയില്‍ നിന്ന് ആധുനികതയിലേക്ക് ഒമാനെ നയിച്ച ഭരണാധികാരി. ഇന്ത്യന്‍ കറന്‍സി മാറ്റി നാട്ടില്‍ സ്വന്തം കറന്‍സി കൊണ്ടുവന്നു. ശക്തമായ നിയമവ്യവസ്ഥ ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്ത് ഓരോ ഗ്രാമത്തിലും വൈദ്യുതിയും വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും എത്തിച്ചു. വിസ്മയകരമായ വികസന മുന്നേറ്റമാണ് സുല്‍ത്താന്‍ കാഴ്ച വച്ചത്.

2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്. മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


Latest Related News