Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
പ്രവാസികൾ ആവശ്യപ്പെടുന്നു,നാസിൽ അബ്ദുള്ളയ്ക്കും നീതി വേണം - മുഖ്യമന്ത്രി ഇടപെടുമോ..?

August 23, 2019

August 23, 2019

അൻവർ പാലേരി

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ യു.എ.ഇ യിൽ ചെക്ക് കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ പുതിയകാവ് സ്വദേശി നാസിൽ അബ്ദുള്ള.തുഷാർ വെള്ളാപ്പള്ളി നൽകിയ ബ്ളാങ്ക് ചെക്കിന്റെ പേരിൽ നാല് വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന ഈ ചെറുപ്പക്കാരൻ ഒത്തുതീർപ്പിന്റെയും സമവായത്തിന്റെയും എല്ലാ പരിധികളും കഴിഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ തുഷാറിനെ ചെക്ക് കേസിൽ കുടുക്കി അകത്താക്കിയതെന്നാണ് വിവരം.പണം കിട്ടാനുള്ള നാസിൽ അബ്ദുള്ള ജോലി ചെയ്ത പണം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ നാലു വർഷം ജയിലിൽ കിടന്നപ്പോൾ ഉന്നത ബന്ധങ്ങളുള്ള തുഷാർ വെള്ളാപ്പള്ളിക്ക് ഇരുപത്തിനാലു മണിക്കൂർ പോലും ജയിലിൽ കിടക്കേണ്ടി വന്നില്ല.അതേസമയം,തുഷാർ നൽകിയ  
ബ്ലാങ്ക് ചെക്ക് തകര്‍ത്തത് ഉന്നത നിലവാരത്തില്‍ ബിടെക് നേടിയ ഒരു മലയാളി യുവാവിന്‍റെ ജീവിതവും സ്വപ്നങ്ങളുമാണെന്ന് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.തുഷാറിനെതിരെ കേസ് കൊടുത്തതിന്റെ പേരിൽ ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ നാസിൽ അബ്ദുള്ള നടത്തിയ വെളിപ്പെടുത്തലും അത്ര നിസാരമായി കാണാനാവില്ല.കേരളത്തിലെത്തിയാൽ കള്ളക്കേസുകൾ ചുമത്തി പീഡിപ്പിക്കുന്നത് ഉൾപെടെ മറ്റ് ഭീഷണികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നേക്കാം.ദുബായിൽ നൽകിയ കേസിന്റെ പേരിൽ കേരളാ പോലീസ് നാട്ടിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയതിലെ അനൗചിത്യവും ആശങ്കയും ഇതിലേക്കുള്ള സൂചനയായി വേണം മനസിലാക്കാൻ.

ആരാണ് നാസിൽ അബ്ദുള്ള ..?
കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകൻ. ബി-ടെക് ബിരുദധാരി. യു.എ.ഇയിൽ നാസില്‍ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. അതിനിടെയാണ് തുഷാറിന്റെ ബോയിങ് കമ്പനിയുടെ ഉപകരാർ നാസിലിനു ലഭിക്കുന്നത്.കൈയ്യില്‍ നിന്നും പണം മുടക്കിയും പരിചയമുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ കടം വാങ്ങിയുമാണ് കരാർ ജോലികൾ പൂർത്തിയാക്കിയതെന്ന് നാസില്‍ പറയുന്നു.മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിയ്ക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം തീര്‍ത്ത് കൊടുത്തത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു തുഷാറിന്റെ കമ്പനി നാസിലിനു നല്‍കിയത്. കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് ചെയ്തു കൊടുത്ത പണമാണ് തുഷാറിൽ നിന്നും നാസിലിനു കിട്ടാനുള്ളത്.


പണം നല്‍കാമെന്നു പറഞ്ഞ അവധികള്‍ പലതവണ കഴിഞ്ഞെങ്കിലും തുഷാര്‍ പണം നല്‍കിയില്ല .അതേസമയം നാസില്‍ സാധനങ്ങള്‍ കടം വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് നല്‍കി . പലരില്‍ നിന്നായി കടം വാങ്ങിയും മറ്റും കുറെയൊക്കെ പരിഹരിച്ചെങ്കിലും കോടികളുടെ ബാധ്യത തീര്‍ക്കാന്‍ നാസിലിനായില്ല . ഇതോടെ നാസില്‍ കടക്കെണിയിലായി.തുടർന്ന് ജയിലിലുമായി.

7 വര്‍ഷം തടവായിരുന്നു നാസിലിനു വിധിച്ചത് . അന്നും തുഷാര്‍ കൊടുക്കാനുള്ള പണം കിട്ടാത്തതിനാല്‍ നാസില്‍ ജയിലിലാണെന്ന വിവരം ബന്ധുക്കളും സുഹൃത്തുക്കളും വഴി തുഷാറിനെ അറിയിച്ചിരുന്നു. പക്ഷെ ഫലം ഉണ്ടായില്ല. എന്നാല്‍ ഇതിനിടെ നാസിലിനെതിരെ പരാതി നല്‍കിയ സ്പോണ്‍സര്‍ മരിച്ചു.ഇതോടെ അദ്ദേഹത്തിന്‍റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാകുകയും നാസില്‍ ജയില്‍ മോചിതനാകുകയുമായിരുന്നു. പക്ഷെ അപ്പോഴേയ്ക്കും നാസിലിന്റെ അവസ്ഥ പരിതാപകരമായിരുന്നു. നാട്ടിലും വീട്ടിലും വരാന്‍ പറ്റാത്ത സ്ഥിതി.

നാസിലിന്റെ അവസ്ഥ അറിഞ്ഞ് നാട്ടിലുള്ള പിതാവ് അസുഖബാധിതനായി കിടപ്പിലുമായി. പിന്നീട് കടം വാങ്ങിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു ഈ ചെറുപ്പക്കാരന്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയതെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം.

ഇതിനിടെ, നാസിലിന്റെ കഥ കേട്ട മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായിയാണ്‌ തുഷാറിനെതിരെ നിയമ പോരാട്ടത്തിനു നാസിലിനു പിന്തുണ നൽകുകയും കേസ് നല്‍കാന്‍ സഹായിക്കുകയും ചെയ്തത്. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിനെ ഇവിടെയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.അതായത്,യു.എ.ഇ യിൽ തനിക്ക് നിലവിൽ ബിസിനസുകളൊന്നും ഇല്ലെന്ന് പറയുന്ന തുഷാർ വെള്ളാപ്പള്ളിക്ക്  ദുബായിൽ കോടികൾ വിലമതിക്കുന്ന ഭൂമി സ്വന്തമായുണ്ട് എന്നർത്ഥം.ഈ സ്ഥലം വിറ്റെങ്കിലും നാസിലിന്റെ കടം വീട്ടാൻ തുഷാർ ശ്രമിച്ചില്ല. പകരം,നാട്ടിലെത്തി രാഷ്ട്രീയത്തിൽ സജീവമായ തുഷാർ വെള്ളാപ്പള്ളി പണം തിരികെ നൽകാതിരിക്കാൻ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം. നാസിലിന്റെ വിഷയം സംസാരിക്കാൻ  വിളിച്ചാല്‍ തുഷാര്‍ ഫോണ്‍ പോലും എടുക്കാത്തതിനാലാണ് നാസിലും സുഹൃത്തുക്കളും ഇങ്ങനെയൊരു കെണിയൊരുക്കി തുഷാറിനെ ദുബായിലേക്ക് വിളിച്ചുവരുത്തിയത്. തുഷാര്‍ ജയിലിലായതറിഞ്ഞപ്പോൾ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകരും മലയാളി വ്യവസായി എം.എ.യുസുഫ് അലിയും  ഇടപെട്ടതോടെ തുഷാറിന് ഇരുപത്തിനാല് മണിക്കൂർ പോലും ജയിലിൽ കിടക്കേണ്ടി വന്നില്ല, ജാമ്യം നേടി പുറത്തിറങ്ങി.

സമുദായ വോട്ടിനായുള്ള സി.പി.എം - ബി.ജെ.പി പോര് തുഷാറിന് തുണയായി?

മുഖ്യമന്ത്രി പിണറായി വിജയനോടും എൽ.ഡി.എഫിനോടും അടുത്ത ബന്ധം പുലർത്തുന്ന വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും പാർട്ടിക്കുള്ളിൽ നടത്തുന്ന ചക്കളത്തിപ്പോര് ഇടയ്ക്കിടെ മറനീക്കി പുറത്തു വരാറുണ്ട്.ശബരിമല, വനിതാ മതിൽ പ്രശ്നങ്ങളിൽ അച്ഛനും മകനും സ്വന്തം സമുദായത്തെ പാളയം മാറി കെട്ടാൻ ശ്രമിച്ചത് ഏറെ ചർച്ചയായിരുന്നു.മന്ത്രി സ്ഥാനം മോഹിച്ച് എൻ.ഡി.എ യുടെ ഭാഗമായ ബി.ഡി.ജെ.എസിന് ബി.ജെ.പി പാളയത്തിൽ അർഹമായ സ്ഥാനം ലഭിക്കാത്തതിൽ അച്ഛനും മകനും അസന്തുഷ്ടരാണെന്നാണ് വിവരം.

എൻ.ഡി.എ.യുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നീക്കങ്ങളിൽ മുന്നണിയിലെ മുഖ്യകക്ഷിയായ ബി.ജെ.പി.ക്ക് സംശയമുണ്ട്. മുന്നണിക്കുള്ളിൽനിന്നുകൊണ്ട് അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നാണവരുടെ ആശങ്ക. ഒപ്പം ഉറച്ചുനിൽക്കുന്നില്ലെങ്കിൽ ബി.ഡി.ജെ.എസിനെ ഒഴിവാക്കണമെന്ന നിലപാടാണ് കേരളത്തിലെ ആർ.എസ്.എസ്. നേതാക്കൾക്കെന്നാണ് വിവരം. ബി.ഡി.ജെ.എസ്. വിഷയം കൈകാര്യംചെയ്യുന്നത് കേന്ദ്ര നേതൃത്വമായതിനാൽ സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയുമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ സ്ഥാനാർഥിയാകുന്നതിനോട് യോജിപ്പില്ലെന്നും യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നും പറഞ്ഞിരുന്നു. ഇത് യാദൃച്ഛികമല്ലെന്നാണ് സംഘപരിവാർ നേതാക്കൾ സംശയിക്കുന്നത്. വെള്ളാപ്പള്ളി മുൻകൈയെടുത്ത് സ്ഥാപിച്ച പാർട്ടിയാണ് ബി.ഡി.ജെ.എസ്. പിന്നീടാണ് എസ്.എൻ.ഡി.പി. യോഗത്തിന് രാഷ്ട്രീയമില്ലെന്നും തനിക്ക് ഈ പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നത്. അപ്പോഴും അദ്ദേഹത്തിന്റെ മകനും എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിൻറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ഭാരവാഹികളിലേറെയും എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളുമാണ്.

 

ശബരിമല വിവാദത്തിൽ വെള്ളാപ്പള്ളി സർക്കാർ നിലപാടുകൾക്കൊപ്പമായിരുന്നു. സംഘപരിവാർ നിലപാടുകളെ അദ്ദേഹം തുറന്നു വിമർശിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ  പ്രസ്താവന എൻ.ഡി.എ.യെ ലക്ഷ്യംവെച്ചാണ് എന്നാണ് ബി.ജെ.പി. വൃത്തങ്ങൾ സംശയിക്കുന്നത്. ഇത് എൽ.ഡി.എഫിനെ പരോക്ഷമായി സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണോ എന്നാണ് സംശയം. ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്കൊപ്പംനിന്ന് ബി.ഡി.ജെ.എസ്. ഇടതുമുന്നണിയെ സഹായിക്കുകയായിരുന്നെന്ന് ആർ.എസ്.എസ്. നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇതും ബി.ജെ.പിയുടെ സംശയങ്ങൾക്ക്‌ ബലം കൂട്ടിയിട്ടുണ്ട്.ഈ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് തുഷാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ച നിലപാടുകളെ കാണേണ്ടത്.

 

തുഷാർ അറസ്റ്റിലായപ്പോൾ തുടക്കത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ച കേരളത്തിലെ ബി.ജെ.പി നേതാക്കൾ തുഷാറിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയ ശേഷം പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.ആപൽഘട്ടത്തിൽ തുഷാറിനെ സഹായിക്കാനെത്തിയ സി.പി.എം ബി.ഡി.ജെ.എസിനെയും എസ്.എൻ.ഡി.പി യോഗത്തെയും തങ്ങളുടെ പാളയത്തിലെത്തിലെത്തിക്കാൻ ശ്രമിക്കുന്നതിലെ ആശങ്കയാണ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി പങ്കുവെച്ചത്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയാണെന്ന വാദം അങ്ങിനെ ഉണ്ടായതാണ്.അതേസമയം,വോട്ടുബാങ്ക് കൈപ്പിടിയിലാക്കാനുള്ള സി.പി.എം - ബി.ജെ.പി പോരിൽ നഷ്ടം സംഭവിക്കുന്നത് കടം കയറി മുടിയാറായ ഒരു പ്രവാസി ബിസിനസുകാരനാണ്. യാഥാർഥ്യം എന്ത് തന്നെയായാലും കേരള രാഷ്ട്രീയത്തിലെ മല്ലന്മാരോട് പൊരുതി ജയിക്കാനുള്ള കെൽപൊന്നും പ്രവാസികളായ ഇടത്തരം വ്യവസായികൾക്കോ സാധാരണക്കാർക്കോ ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് തുഷാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസികൾ പങ്കുവെക്കുന്നത്.ഗൾഫ് രാജ്യങ്ങളിലെ കോടതികളിൽ ഇത്തരം അങ്ങാടിമരുന്നുകൾ വിലപ്പോവില്ലെങ്കിലും കേസിൽ ജയിച്ചാലും തോറ്റാലും നാസിൽ അബ്ദുള്ളയെ കാത്തിരിക്കുന്നത് സുഖകരമായ ദിവസങ്ങളായിരിക്കില്ല എന്ന് ചുരുക്കം.

 


Latest Related News