Breaking News
ലൈസന്‍സില്ലാത്ത ടാക്‌സികള്‍ക്ക് പിടിവീഴും; സൗദിയില്‍ 5000 റിയാല്‍ പിഴ ചുമത്താന്‍ തീരുമാനം | മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയം മാറ്റി  | നിയമലംഘനം; കുവൈത്തിൽ അപ്രതീക്ഷിത പരിശോധനയിൽ എട്ട് ഇറച്ചിക്കടകൾക്കെതിരെ നടപടി  | സുരേഷ് ഗോപിയെ അനുഗ്രഹിച്ചുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാന്‍, കയ്യടിയുമായി സോഷ്യല്‍ മീഡിയ | തീരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക് കോളേജിലെ ഖത്തർ അലുമ്നി ഇഫ്താർ സംഗമം സംഘടിപ്പിച്ചു | ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ; ആറ് മാസത്തിനകം നടപ്പാക്കും | അടുത്ത അധ്യയന വർഷത്തിൽ ഖത്തർ ഫൗണ്ടേഷൻ സ്കൂളിൽ പെൺകുട്ടികൾക്കായി പ്രത്യേക കെട്ടിടം സ്ഥാപിക്കും | ഖത്തറിൽ 2022ലെ ട്രാഫിക് നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ അവസരം | ഖത്തറിൽ ദര്‍ബ് അല്‍-സായിയില്‍ ‘ഗരങ്കാവോ മാര്‍ക്കറ്റ്’ ആരംഭിച്ചു  | ഖത്തറിൽ ഫിത്വർ സകാത്തിന് ഒരാള്‍ക്ക് 15 റിയാല്‍ |
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു 

April 16, 2021

April 16, 2021

ദോഹ: ബന്ധുവിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ഖത്തറിലെ ജയിലില്‍ കഴിയുകയായിരുന്ന മുംബൈ സ്വദേശികളായ ദമ്പതിമാര്‍ ഒടുവില്‍ നാട്ടിലെത്തി. ഷാരിക്ക് ഖുറേഷിയും ഭാര്യ ഒനിബയുമാണ് 22 മാസത്തോളം ഖത്തറിലെ ജയിലില്‍ കഴിഞ്ഞത്. നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ഇരുവരും ജയില്‍മോചിതരായത്. ഇരുവരും ബുധനാഴ്ച ഇന്ത്യയിലേക്ക് മടങ്ങി. 

2019 ലാണ് ഇരുവരും ഖത്തറില്‍ വച്ച് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്. ഇവരുടെ ബന്ധുവായ സ്ത്രീ നല്‍കിയ പാക്കേജില്‍ മയക്കുമരുന്നാണെന്ന് അറിയാതെ ഇവര്‍ ഖത്തറിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസില്‍ 10 വര്‍ഷത്തെ ശിക്ഷയാണ് ഇവര്‍ക്ക് കോടതി വിധിച്ചത്. നാല് കിലോഗ്രാം ഹാഷിഷാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 

എന്നാല്‍ അപ്പീലുമായി ഇവര്‍ പരമോന്നത കോടതിയെ സമീപിച്ചു. പരമോന്നത കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടതോടെയാണ് ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചമെത്തിയത്. തുടര്‍ന്ന് നടന്ന പുനര്‍വിചാരണയില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 

ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് ഇവര്‍ക്ക് കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞത്. മാര്‍ച്ച് 29 നാണ് കോടതി ഇവരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 

ഒനിബ ഗര്‍ഭിണിയായിരിക്കെയാണ് ഇരുവരും രണ്ടാം മധുവിധുവിനായി ഖത്തറിലേക്ക് തിരിച്ചത്. കേസില്‍ പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച് എട്ട് മാസത്തിന് ശേഷമാണ് തന്റെ കുഞ്ഞിന്റെ മുഖം ഷാരിക്ക് കാണുന്നത്. 

ഇവരുടെ അമ്മായിയായ തബസ്സും ഖുറേഷിയാണ് മയക്കുമരുന്ന് അടങ്ങിയ പാക്കേജ് നല്‍കിയത്. ദമ്പതിമാര്‍ക്കായി രണ്ടാം മധുവിധു ഏര്‍പ്പാടാക്കിയതും തബസ്സും ആയിരുന്നു. 

'ഞങ്ങള്‍ക്ക് രണ്ടാം മധുവിധുവിന്റെ പദ്ധതികള്‍ ഉണ്ടായിരുന്നില്ല. തബസ്സും ഞങ്ങളെ നിര്‍ബന്ധിച്ച് ഖത്തറിലേക്ക് അയക്കുകയായിരുന്നു. അവരെ വിശ്വസിച്ചതാണ് ഞങ്ങള്‍ക്ക് കുഴപ്പമായത്. അവര്‍ കാരണം ഞാനും ഭാര്യയും 22 മാസം ജയിലില്‍ കിടന്നു. എട്ട്മാസത്തിന് ശേഷമാണ് എന്റെ മകളെ കാണാന്‍ എനിക്ക് കഴിഞ്ഞത്.' -ഷാരിക്ക് പറഞ്ഞു. 

ജയിലിലെ ദുരനുഭവങ്ങളും അദ്ദേഹം വിവരിച്ചു. 

'തടവിലായി ആദ്യ ഏഴ് ദിവസം ഞങ്ങളെ പ്രത്യേക മുറികളില്‍ പാര്‍പ്പിച്ചു. എ.സികള്‍ പ്രവര്‍ത്തിപ്പിച്ചത് കാരണം ഞങ്ങള് മരവിച്ചു. പുതപ്പുകള്‍ ദിവസങ്ങളോളം കഴുകിയിരുന്നില്ല. ശൗചാലയങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായി കാവല്‍ക്കാരെ വിളിക്കേണ്ടി വന്നു. കാവല്‍ക്കാര്‍ എത്താന്‍ 20 മിനുറ്റോളം എടുക്കും. മയക്കുമരുന്ന് കടത്താന്‍ ഭാര്യയെ ഉപയോഗിച്ചു എന്ന് പറഞ്ഞ് സഹതടവുകാര്‍ എന്നെ അധിക്ഷേപിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു അത്.' -ഷാരിക്ക് പറഞ്ഞു. 

അഞ്ച് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് വിചാരണക്കോടതി ഇരുവര്‍ക്കും പത്ത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഈ സമയങ്ങളില്‍ കേസിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുമുള്ള പ്രതീക്ഷകള്‍ തങ്ങള്‍ക്ക് നഷ്ടമായിരുന്നുവെന്നും ദമ്പതിമാര്‍ പറഞ്ഞു. 

'ദിവസം മുഴുവന്‍ ഞങ്ങള്‍ കരയുമായിരുന്നു. എന്തിനാണ് അമ്മായി ഞങ്ങളോട് ഇത് ചെയ്തത് എന്ന് ഞങ്ങള്‍ ആലോചിച്ചു. ഞങ്ങള്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു ബന്ധുവിനെ വിശ്വസിച്ചത് കൊണ്ട് ഞങ്ങള്‍ വളരെയേറെ കഷ്ടപ്പെട്ടു.' -ഒനിബ പറഞ്ഞു. 

ഒനിബ ഗര്‍ഭിണിയായിട്ടും മൂന്ന് തവണ മാത്രമേ ഇരുവര്‍ക്കും പരസ്പരം കാണാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 നാണ് ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആവര്‍ത്തിച്ച് കത്തുകള്‍ എഴുതിയതിന് ശേഷമാണ് എട്ട് മാസത്തിന് ശേഷം മകളായ ആയത്തിനെ കാണാന്‍ അധികൃതര്‍ തനിക്ക് അനുവാദം നല്‍കിയുള്ളൂ എന്നും ഷാരിക്ക് പറഞ്ഞു. 

15 മാസം ഖത്തറില്‍ താമസിച്ചാണ് തന്റെ കുട്ടികള്‍ക്കായി നിയമപോരാട്ടം നടത്തിയതെന്ന് ഷാരിക്കിന്റെ പിതാവ് ഷെരീഫ് അഹമ്മദ് പറഞ്ഞു. ഖത്തറിലെ നിയമവ്യവസ്ഥ വ്യത്യസ്തമായതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കോടതി വിധിക്കെതിരെ നിങ്ങള്‍ സംസാരിച്ചാല്‍ അത് നീതിന്യായവ്യവസ്ഥയോടുള്ള അനാദരവായി കണക്കാക്കുകയും നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ്-19 മഹാമാരി കാരണം ലോകമെമ്പാടും ആരോഗ്യ അടിയന്തിരാവസ്ഥയായിരുന്നതിനാല്‍ തങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നുവെന്ന് ഒനിബയുടെ മാതാവ് പര്‍വീണ്‍ കൗസര്‍ പറഞ്ഞു. ഇത് കാരണം ഷാരിക്കിനെയും ഒനിബയെയും ഇന്ത്യയിലക്ക് തിരികെ കൊണ്ടുവരാന്‍ ഒരുവര്‍ഷത്തോളം വൈകി. എങ്കിലും ഒടുവില്‍ അവര്‍ക്ക് പരിശുദ്ധ റമദാന്‍ മാസത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞു. ഇതിന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. 

ഒരു ജാപ്പനീസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷാരിക്കിന് അറസ്റ്റിന് ശേഷം ജോലി നഷ്ടപ്പെട്ടു. തന്റെ ജീവിതം ഇനി പുതുതായി ആരംഭിക്കണമെന്നും ഇനി തനിക്ക് ജോലി ലഭിക്കുമോ ഇല്ലയോ എന്ന് അറിയില്ല എന്നും ഷാരിക്ക് ആശങ്കയോടെ പറയുന്നു. 

ഔദ്യോഗികമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനൊപ്പം ഇരുവരും ഭെണ്ടി ബസാറിലെ വീട്ടിലെത്തിയത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News