Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
വൈറസ് ഭീതി,വിലക്കയറ്റം തടയാൻ നടപടികളുമായി മന്ത്രാലയം, ഭക്ഷ്യക്ഷാമമില്ലെന്ന് ഹൈപ്പർ മാർക്കറ്റുകൾ 

March 10, 2020

March 10, 2020

ദോഹ : ആഗോള തലത്തിൽ കോവിഡ് 19 വൈറസ് ഭീതി വ്യാപകമായതോടെ ഭക്ഷ്യോത്പന്നങ്ങൾക്കും മറ്റ് ആവശ്യവസ്തുക്കൾക്കും ക്ഷാമം നേരിടാതിരിക്കാൻ ഖത്തർ നടപടികൾ ശക്തമാക്കി. ഭീതി മുതലെടുത്ത് ഉല്പന്നങ്ങളുടെ വിലവർധിപ്പിക്കുന്ന പ്രവണത ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വില നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവെപ്പ് ഉൾപെടെയുള്ളവ തടയാനും ലക്ഷ്യമിട്ട് മന്ത്രാലയം വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധനനകൾ നടത്തിവരികയാണ്.

രാജ്യത്തെ മുഴുവൻ താമസക്കാരുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പ്രാദേശിക വിപണികളിൽ ചരക്കുകൾ, സേവനങ്ങൾ, ഭക്ഷണം, സബ്സിഡി ഉൽ‌പ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ തുടർന്നും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.മാസ്കുകൾ,കയ്യുറകൾ,അണുവിമുക്തമാക്കാനുള്ള മറ്റ് സാമഗ്രികൾ എന്നിവ ഉൾപെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ജനങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ മന്ത്രാലയം ഉറപ്പു വരുത്തിയിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഖത്തറിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് ഹസാദ് ഫുഡ്സ്
രാജ്യത്തെ ജനങ്ങൾക്കാവശ്യമായ എല്ലാ തരം ഭക്ഷ്യവസ്തുക്കളും ഖത്തറിൽ ലഭ്യമാണെന്ന് രാജ്യത്തെ പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ ഹസാദ് ഫുഡ്സ് അറിയിച്ചു. ഇക്കാര്യത്തിൽ രാജ്യം പൂർണ പര്യാപ്തമാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ സന്നദ്ധമാണെന്നും കമ്പനി സി.ഇ.ഒ മുഹമ്മദ് അൽ സദ വ്യക്തമാക്കി.
'ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ അഞ്ചു രാജ്യങ്ങളിലെ വിതരണക്കാരുമായി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ദൗർലഭ്യം നേരിട്ടാൽ 48 മണിക്കൂറിനുള്ളിൽ കുറവ് പരിഹരിക്കാൻ കമ്പനി സജ്ജമാണ് '- അദ്ദേഹം പറഞ്ഞു. ഹസാദ് ഫുഡിന്റെ അനുബന്ധ സ്ഥാപനമായ മഹാസീലിന്റെ വില്പന ശാലകളിൽ 1000 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ചില ഹൈപ്പർ മാർക്കറ്റുകൾ അടച്ചതായി അഭ്യൂഹം പ്രചരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിവിധ ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോല്പന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ലുലു,സഫാരി മാൾ ഉൾപെടെയുള്ള ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. അൽ മീരയുടെ വിവിധ ശാഖകളിലും ഇന്നലെ തിരക്കനുഭവപ്പെട്ടു.

ഭക്ഷ്യോല്പന്നങ്ങൾക്ക് ക്ഷാമമില്ലെന്ന് ലുലു മാനേജ്‌മെന്റ്
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഖത്തറിൽ ആവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടാൻ സാധ്യതയില്ലെന്ന്  രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് മാനേജ്‌മെന്റുകൾ അറിയിച്ചു. ലുലു ഉൾപെടെ ഇന്ത്യൻ ഉത്പന്നങ്ങൾ ലഭിക്കുന്ന ഹൈപ്പർ മാർക്കറ്റുകളിൽ ആവശ്യത്തിന്  ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാണെന്ന് വിവിധ മാനേജ്‌മെന്റുകൾ വ്യക്തമാക്കി.ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഏതുതരം പ്രതിസന്ധിയും നേരിടാൻ ഖത്തർ പ്രാപ്തമാണെന്നും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റുകൾ അറിയിച്ചു. 2017 ൽ ചില അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഘട്ടത്തിൽ ഖത്തർ ഇക്കാര്യത്തിലുള്ള തങ്ങളുടെ കഴിവ് തെളിയിച്ചതാണെന്നും അവർ ഓർമിപ്പിച്ചു.

'കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാഴ്ചകൾക്ക് മുമ്പ് തന്നെ ഞങ്ങൾ ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതുമാണ് കഴിഞ്ഞ ദിവസമുണ്ടായ വലിയ തിരക്കിന് ഇടയാക്കിയത്. അടുത്ത രണ്ടു മാസത്തേക്കാവശ്യമായ എല്ലാ അവശ്യവസ്തുക്കളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.' ലുലു റീജിയണൽ മാനേജർ പി.എം ഷാനവാസ് ഒരു ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.താൻസാനിയ,കെനിയ,ഘാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ വിതരണക്കാരുമായി ബന്ധപ്പെട്ട് കൂടുതൽ ഉത്പന്നങ്ങൾ എത്തിക്കാൻ ശ്രമം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന സഫാരി മാൾ,ഫാമിലി ഫുഡ് സെന്റർ തുടങ്ങിയ ഹൈപ്പർ മാർക്കറ്റുകളും ആവശ്യത്തിന് ഉത്പന്നങ്ങൾ ശേഖരിച്ചതായി അറിയിച്ചിട്ടുണ്ട്.


Latest Related News