Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സാമ്പത്തിക പ്രതിസന്ധി : മിഡിൽ ഈസ്റ്റ് ചന്ദ്രിക ദുബായ് അച്ചടി നിർത്തുന്നു

April 30, 2020

April 30, 2020

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനത്തെ തുടർന്ന് പത്രവിതരണത്തിലുണ്ടായ തടസ്സങ്ങളും കാരണം വിവിധ ഗൾഫ് രാജ്യങ്ങളിലെ ദിനപത്രങ്ങൾ ഉൾപെടെയുള്ള അച്ചടി മാധ്യമങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധവും അതിനെത്തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും നേരത്തെ തന്നെ ഗൾഫിലെ പരസ്യ-മാധ്യമ മേഖലയിൽ കനത്ത ആഘാതമുണ്ടാക്കിയിരുന്നു. പത്രമാധ്യമങ്ങളുടെ പരസ്യ വരുമാനത്തിൽ ഇത് ഗണ്യമായ കുറവാണ് ഉണ്ടാക്കിയത്. ഖത്തറിൽ മാത്രം നാല് മലയാള പത്രങ്ങളാണ് ഇതേതുടർന്ന് നേരത്തെ തന്നെ അച്ചടി അവസാനിപ്പിച്ചത്.പല പത്രങ്ങൾക്കും നിലവിൽ പരസ്യവരുമാനത്തിൽ നിന്നുള്ള ലക്ഷങ്ങൾ കുടിശ്ശികയായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടാനുണ്ട്.ഇതിൽ പല കമ്പനികളും പിടിച്ചുനിൽക്കാനാവാതെ അടച്ചുപൂട്ടുകയോ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടൽ ഭീഷണിയിലോ ആണ്.

ഇതിനിടെ,ഗൾഫിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല പത്രങ്ങളും അച്ചടി നിർത്തിയിട്ട് ആഴ്ചകളായി.ഗൾഫിലെ ഒട്ടുമിക്ക അച്ചടിമാധ്യമങ്ങളും ഇപ്പോൾ ഓൺലൈൻ മാത്രമായി ചുരുങ്ങിയിട്ടുണ്ട്.

വർഷങ്ങളുടെ പാരമ്പര്യവും മുസ്‌ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും ശക്തമായ അടിത്തറയുമുള്ള യു.എ.ഇ ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റ് ചന്ദ്രികയും 2020 മെയ് ഒന്ന് മുതൽ അച്ചടി അവസാനിപ്പിക്കുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.കോവിഡ് വ്യാപനത്തെ തുടർന്ന് പത്ര വിതരണത്തിലും സര്‍ക്കുലേഷനിലും സാങ്കേതിക തലത്തിലുമുണ്ടായ ചില പ്രതിസന്ധികള്‍ കാരണം  മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പ്രിന്റിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകണെന്നാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബായ് ജനറൽ മാനേജറും ദുബായ് കെ.എം.സി.സി പ്രസിഡന്റുമായ ഇബ്രാഹിം എളേറ്റില്‍ പ്രവർത്തകർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നത്. പത്രം ഇനി മുതൽ ഓൺലൈനിൽ മാത്രമാണ് ലഭ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പത്രത്തിന്റെ സാമ്പത്തിക ചുമതല ഉൾപെടെ വഹിക്കുന്ന ഇബ്രാഹിം എളേറ്റിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസുകൾ നിർത്തിവെച്ചതിനാൽ ഇപ്പോൾ നാട്ടിലാണ്.ഈ സാഹചര്യത്തിൽ പത്രത്തിന്റെ അച്ചടി നിർത്തിവെക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം,പത്രം അച്ചടിക്കുന്ന യു.എ.ഇയിലെ പ്രിന്റിങ് പ്രസ്സിൽ ഉൾപെടെ കനത്ത സാമ്പത്തിക ബാധ്യതയുള്ളതിനാൽ അച്ചടി അവസാനിപ്പിക്കാൻ കോവിഡ് വ്യാപനം ഒരു കാരണമായി ചൂണ്ടിക്കാണിക്കുകയാണെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ ഉൾപെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും പത്രത്തിന്റെ അച്ചടിച്ച പതിപ്പുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ നിലവിലെ സാങ്കേതിക പ്രതിസന്ധി കഴിഞ്ഞാലും പത്രം അച്ചടി തുടരുമോ എന്ന കാര്യത്തിൽ യു.എ.ഇ കെ.എം.സി.സിയിലെ മുതിർന്ന പല നേതാക്കൾക്കും ഉറപ്പില്ല.പത്രത്തിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലനിൽക്കുന്ന ചില ഉൾപ്പോരുകളും സാമ്പത്തിക കാര്യങ്ങളിൽ വേണ്ടത്ര സുതാര്യതയില്ലെന്ന ആരോപണങ്ങളും പത്രത്തിന്റെ അച്ചടി നിർത്തിവെക്കാൻ കാരണമായിട്ടുണ്ടെന്നാണ് സംഘടനാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.എന്നാൽ ഇപ്പപ്പോഴത്തെ പ്രതിസന്ധി നീങ്ങിയാൽ മറ്റു പത്രങ്ങളെ പോലെ ഖത്തറിലെ മിഡിൽ ഈസ്റ്റ് ചന്ദ്രിക അച്ചടി തുടരുമെന്ന് ചന്ദ്രിക ഖത്തർ റെസിഡന്റ് എഡിറ്റർ അഷ്‌റഫ് തൂണേരി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News