Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ജമാഅത്തെ ഇസ്‍ലാമി മുന്‍ അഖിലേന്ത്യ അസി.അമീര്‍ പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

April 06, 2021

April 06, 2021

ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനും ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറിയുമായിരുന്ന പ്രൊഫസർ കെ.എ സിദ്ദീഖ് ഹസ്സൻ (76) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്‍റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി. തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവൺമെൻറ് കോളജുകളിൽ അധ്യാപകനായിരുന്നു.

ബഹുഭാഷ പണ്ഡിതനും എഴുത്തുകാരനും വാഗ്മീയുമാണ്. പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദർശനത്തിന്‍റെ അസിസ്റ്റൻറ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീര്‍. നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീർ ആയിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍. 1990 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അമീര്‍ ആയിരുന്നു.

ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സന്‍, മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ ചെയര്‍മാനായും, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍റ് ക്രെഡിറ്റ് ലിമിറ്റഡിന്‍റെ അധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാചക കഥകള്‍, ഇസ്‌ലാം ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‌ലാമിന്‍റെ രാഷ്ട്രീയ വ്യവസ്ഥ എന്നിവ വിവര്‍ത്തന കൃതികളാണ്. മുസ്ലിം സമുദായക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഇസ്ലാം ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ 2010 ലെ ഇസ്‌ലാമിക് ഓണ്‍ലൈന്‍ സ്റ്റാര്‍ അവാര്‍ഡ്, 2015ലെ ഇമാം ഹദ്ദാദ് എക്‌സലന്‍സ് അവാര്‍ഡ്, ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കോഴിക്കോട് കോവൂരിലാണ് താമസം. ഭാര്യ: വി.കെ. സുബൈദ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനിസുർറഹ്മാൻ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News