Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
ഞാൻ ജമാലിന്റെ പ്രതിശ്രുത വധുവാണ്,എനിക്കും ചിലത് ചോദിക്കാനുണ്ട് 

October 05, 2019

October 05, 2019

ഇസ്‌താംബൂളിലെ സൗദി കോൺസുലേറ്റിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവർത്തകൻ ജമാൽ കശോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ് അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ ​

ന്യൂയോര്‍ക്ക്: ഏകദേശം ഒരു വര്‍ഷം മുമ്പാണ് 15 അംഗ സൗദി സര്‍ക്കാര്‍ സംഘം ഇസ്താംബൂളിലെത്തുന്നതും സൗദി കോണ്‍സുലേറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകനും മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ കശോഗിയെ വകവരുത്തുന്നതും. കശോഗിയുടെ മൃതശരീരം ഇതുവരെ കണ്ടെടുത്തിട്ടില്ല.

2018 ഒക്ടോബര്‍ രണ്ടിനു നടന്ന കൊലപാതകവും അതു മറച്ചുവയ്ക്കാന്‍ സൗദി ഭരണകൂടം നടത്തിയ ശ്രമങ്ങളും അന്താരാഷ്ട്രതലത്തില്‍ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.ഇതേതുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിച്ഛായക്കുണ്ടായ കോട്ടം ഇനിയും വീണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ കിരീടാവകാശിക്കു പങ്കില്ലെന്നാണ് സൗദിയുടെ വിശദീകരണം. എന്നാൽ അമേരിക്കൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ കൊലപാതകത്തില്‍ തന്റെ പങ്ക് മുഹമ്മദ് ബിൻ സൽമാൻ ആദ്യം തുറന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സൗദി ഭരണകൂടത്തിന് വേണ്ടി ചിലർ നടത്തിയ കൊലപാതകത്തിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് തിരുത്തുകയായിരുന്നു.അതേസമയം പ്രതികളിൽ പലരുടെയും വിചാരണ സൗദി വളരെ രഹസ്യമായാണു നടത്തിയത്. ഇവരിൽ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

തുര്‍ക്കി വംശജയായ ഹാറ്റിസ് സെംഗിസുമായുള്ള വിവാഹത്തിന് ആവശ്യമായ നിയമപരമായ രേഖകള്‍ കൈപറ്റാനായായിരുന്നു 2018 ഒക്ടോബർ 2 ന് കഷോഗി ഇസ്‌താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. പുറത്ത് പ്രതിശ്രുത വധു ഹാറ്റിസ് അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍, കോൺസുലേറ്റിലേക്ക് പോയ അദ്ദേഹം പിന്നീട് മടങ്ങിവന്നില്ല.ദിവസങ്ങൾ കഴിഞ്ഞാണ് അദ്ദേഹം കോൺസുലേറ്റിനകത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്.

ഈയിടെ ന്യൂയോർക്കിൽ നടന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഇടവേളയില്‍ അസോസിയേറ്റ് പ്രസ് റിപ്പോർട്ടർ ഹാറ്റിസ് സെംഗിസുമായി സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ :

സംഭവത്തിനു ശേഷം ഏകദേശം ഒരു വര്‍ഷത്തിനു ശേഷവും താങ്കളുടെ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ആരും ശിക്ഷിക്കപ്പെട്ടതുമില്ല. ഇപ്പോള്‍ എന്തു തോന്നുന്നു?
ജമാലിനു നീതി ലഭിക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ ശബ്ദം കേള്‍പ്പിക്കാനായി ഞാന്‍ വിവിധ പരിപാടികളില്‍ നിരന്തരം പങ്കെടുക്കുന്നത്. തീര്‍ച്ചയായും ജമാലിനെ തിരിച്ചുതരാന്‍ ഒന്നിനുമാകില്ല. അതേസമയം,സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിനു തടവുകാർക്ക് വേണ്ടി കൂടിയാണ് ഞാൻ സംസാരിക്കുന്നത്.

സൗദി കിരീടാവകാശിയാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന്, അല്ലെങ്കില്‍ കൃത്യത്തില്‍ അദ്ദേഹം നേരിട്ടു പങ്കാളിയാണെന്നു വിശ്വസിക്കുന്നുണ്ടോ? മുഹമ്മദ് ബിൻ സൽമാനാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന് ലോകം വിശ്വസിക്കുന്നുണ്ടോ..?
ഇതുമായി ബന്ധപ്പെട്ട സൗദി ഇടപെടലുകളും യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ നടക്കുന്ന സംവാദങ്ങളും യു.എന്നിന്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ട സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ടും ശ്രദ്ധിച്ചാല്‍, ഈ കൊലപാതകം കൃത്യം നടത്തിയവരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് വ്യക്തമാകും. ഒരു നയതന്ത്ര കാര്യാലയത്തിന്റെ വളപ്പില്‍ വച്ചാണു കൊലപാതകം നടത്തിയത്. നയതന്ത്ര കാര്യാലയത്തിനുള്ള പ്രത്യേക സൗകര്യങ്ങളും അധികാരവും  ഉപയോഗപ്പെടുത്തിയാണ് കൊലയാളികൾ കൃത്യം നിർവഹിക്കാനായി തുര്‍ക്കിയിലെത്തിയത്.

കിരീടാവകാശി ഇതുവരെ പറയാത്ത എന്തുകാര്യമാണ്  അദ്ദേഹം തുറന്നുപറയണമെന്ന് താങ്കള്‍ ആവശ്യപ്പെടുന്നത്?
എനിക്ക് കിരീടാവകാശിയില്‍നിന്ന് അറിയേണ്ട കാര്യങ്ങള്‍ ഇത്രയുമാണ്: ജമാലിന്റെ എന്തിനു കൊലപ്പെടുത്തി? അദ്ദേഹത്തിന്റെ ഭൗതികശരീരം എന്തു ചെയ്തു? ഈ കൊലപാതകത്തിനുള്ള പ്രേരണ എന്തായിരുന്നു? 

സത്യത്തില്‍ വളരെ ക്രൂരമായ ഒരു കൊലപാതകത്തിനാണ് നാം സാക്ഷിയായത്.അതിനാല്‍, ഒരു ടെലിവിഷന്‍ പരമ്പരയിലെ കൊലപാതകക്കേസ് പോലെ എല്ലാം ചിത്രീകരിച്ച്‌ ലോകത്തെ കാണിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നില്ല. പക്ഷെ എന്റെ ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം എന്തു മറുപടി പറയുമെന്ന് അറിയാന്‍ എനിക്കു ആകാംക്ഷയുണ്ട്.


ഈ കൊലപാതകത്തെ സൗദിയും തുര്‍ക്കിയും രാഷ്ട്രീയവല്‍ക്കരിച്ചതായി തോന്നുന്നുണ്ടോ..?
തുര്‍ക്കി ജമാലിന്റെ കേസ് രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ലെന്ന് ഞാന്‍ സത്യസന്ധമായും വിശ്വസിക്കുന്നു. അതേസമയം,കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ നയതന്ത്രമാര്‍ഗങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ തുര്‍ക്കി ശ്രമിച്ചിട്ടുണ്ട്. നയതന്ത്രപരമായ നിയമങ്ങളെ മാനിക്കാനും രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്താൻ തുർക്കി കഴിയുന്നതൊക്കെ ചെയ്തു. ജമാലിന്റെ കൊലപാതകം നടന്നത് നയതന്ത്ര കാര്യാലയത്തിന്റെ അകത്തുവച്ചാണെന്ന് അറിയാമല്ലോ? അതിനാല്‍, നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളെയും സമ്പ്രദായങ്ങളെയും തുര്‍ക്കിക്കു മാനിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.

സൗദിയുടെ കാര്യം പറയുമ്പോള്‍, മുസ്‌ലിം സംഘടനകള്‍ക്കും മുസ്‌ലിം ബ്രദര്‍ഹുഡിനും തുര്‍ക്കി നല്‍കുന്ന പിന്തുണയാണ് സൗദി തുർക്കിക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നതെന്ന് താങ്കൾ പരാമർശിക്കുകയുണ്ടായി. സൗദിയില്‍ നിന്നു വന്ന ഒരു സംഘം കൃത്യം നടത്തിയത് തുര്‍ക്കിയിലാണെന്നതിനാല്‍ സൗദിയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നിലപാട് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. അതുകൊണ്ട്, മനശ്ശാസ്ത്രപരമായ കാരണങ്ങളാല്‍ അത്തരമൊരു കാര്യമില്ലെങ്കില്‍ അവര്‍ തീര്‍ച്ചയായും ഈ കൊലപാതകത്തിന്റെ പേരിൽ തുര്‍ക്കിയെ പഴിചാരുകയോ വിശാലാര്‍ത്ഥത്തില്‍ ഇതിന്റെ പേരിൽ തുര്‍ക്കിയെ അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. 

മറ്റെന്തെങ്കിലും പറയാനുണ്ടോ?
ഒരു വര്‍ഷത്തിനു ശേഷം ലോകമൊന്നടങ്കം ജമാലിനായി അണിനിരന്നുവെന്ന് എനിക്കു പറയാനാകും. കഴിഞ്ഞ മാസം ഞാന്‍ 30ലേറെ അഭിമുഖങ്ങളാണു നല്‍കിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിരവധി പംക്തികളും എഴുതി. അടുത്ത വര്‍ഷം ഇതിനൊക്കെ ഉറച്ച പ്രതികരണമുണ്ടാകുന്നതു കാണാനാണു ഞാന്‍ കാത്തിരിക്കുന്നത്. ഈ ചോദ്യങ്ങളും ഉത്തരങ്ങളും ചര്‍ച്ച ചെയ്യുന്നതിനപ്പുറം, അന്താരാഷ്ട്ര കക്ഷികള്‍ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികള്‍ കാണാനും ചര്‍ച്ച ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു.


Latest Related News