Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇന്ത്യൻ ദമ്പതികളുടെ ജയിൽമോചനം,മയക്കുമരുന്ന് കടത്ത് ആവർത്തിക്കാതിരിക്കാൻ ഖത്തറും ഇന്ത്യയും കൈകോർക്കുന്നു

April 05, 2021

April 05, 2021

ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്തും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളും നേരിടാനായി ഇന്ത്യയും ഖത്തറും കൈകോര്‍ക്കുന്നു. മയക്കുമരുന്ന് കടത്തിയ കേസില്‍ ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ യുവദമ്പതികളെ  നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ വെറുതെവിട്ട സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ദമ്പതികൾ  ജയില്‍മോചിതരായത്.

യുവദമ്പതികളെ വെറുതെ വിടാന്‍ ഖത്തര്‍ കോടതി ഉത്തരവിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് മയക്കുമരുന്ന് കടത്ത് നേരിടാനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളെ  അടിച്ചമര്‍ത്താനായി പരസ്പരം സഹകരിക്കാനും ഏകോപനത്തോടെ പ്രവര്‍ത്തിക്കാനുമുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യയും ഖത്തറും ആരംഭിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്നു കള്ളക്കടത്തു സംഘങ്ങള്‍ യാത്രക്കാര്‍ അറിയാതെ അവരുടെ ലഗേജുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് കടത്താനും നിരപരാധികളായ യാത്രക്കാര്‍ ജയിലിലാകാനുമുള്ള സാധ്യതകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. മയക്കുമരുന്നു വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഘടനാപരമായ സംഭാഷണത്തിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് വിദേശകാര്യ മന്ത്രാലയവും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും.

ഏകോപനത്തിനും വിവരങ്ങള്‍ പങ്കുവയ്ക്കാനുമായി വേഗത്തിലുള്ള സംവിധാനം ഉണ്ടായിരിക്കുക, മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ആശയവിനിമയം നടത്താനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ പ്രധാനലക്ഷ്യങ്ങളെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വൃത്തങ്ങള്‍ പറഞ്ഞു. ഇരുരാജ്യങ്ങളും നടത്തിയ അന്വേഷണങ്ങളെ പരസ്പരം ആശ്രയിക്കാനും ഇത് സഹായിക്കും.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന, ഡെപ്യൂട്ടി ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) കെ.പി.എസ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ ഇതിനായി രൂപീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ സ്വദേശികളായ ഒനിബ ഖുറേഷി, ഷാരിഖ് ഖുറേഷി എന്നിവരാണ് ബന്ധുവിന്റെ ചതിയില്‍ പെട്ട് മയക്കുമരുന്നു കേസില്‍ ഖത്തറില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കോടതി ഇവരുടെ ശിക്ഷ തടഞ്ഞു വയ്ക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തു. പിന്നീട് നടന്ന പുനര്‍വിചാരണയില്‍ ഇവരുടെ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ജയില്‍ മോചിതരായത്.

2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധിൃകൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു.

ഷാരിഖിന്റെ അമ്മായി തബസ്സും ഖുറേഷി മയക്കുമരുന്ന് കടത്താനായി ഇവരെ ഉപയോഗിക്കുകയായിരുന്നുവെന്ന് ഒനിബയുടെ അമ്മ പര്‍വീന്‍ കൗസര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 30 വയസുകാരായ  ഒനിബയെയും ഷാരിഖിനെയും രണ്ടാം മധുവിധു ആഘോഷിക്കാനായി ഖത്തറില്‍ പോകാന്‍ തബസ്സും ഖുറേഷി നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനുള്ള ചെലവ് തബസ്സും ഖുറേഷി വഹിക്കുകയും ചെയ്തു. ഖത്തറിലേക്ക് പോകുമ്പോള്‍ ഷാരിഖ് ഒരു ജാപ്പനീസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

യാത്ര പുറപ്പെടുമ്പോള്‍ തബസ്സും ഇവരുടെ കൈവശം ഒരു പാക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു. ഇത് ഖത്തറില്‍ ഉള്ള ഒരു സുഹൃത്തിന് നല്‍കാനാണെന്നും ഇതില്‍ പുകയിലയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു. ഇത് വിശ്വസിച്ച ദമ്പതിമാര്‍ പാക്കറ്റ് വാങ്ങി ഒപ്പം കൊണ്ടുപോയി. ഇതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായി പിന്നീട് മാറിയതെന്നും പര്‍വീന്‍ കൗസര്‍ പറഞ്ഞു.

ദമ്പതിമാരുടെ ബന്ധുക്കളുടെ പരാതിയില്‍ തബസ്സും ഖുറേഷിയെയും സഹായിയായ നിസാം കാരയെയും നാഗ്പട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) തുടര്‍ന്നുള്ള അന്വേഷണത്തില്‍ തബസ്സും ഖുറേഷി ദമ്പതികളെ വഞ്ചിച്ചതായി കണ്ടെത്തി. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ തങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പര്‍വീന്‍ കൗസര്‍ പറഞ്ഞു.

ഇരുവരെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അവരുടെ അഭിഭാഷകനും മലയാളിയുമായ നിസാര്‍ കൊച്ചേരി പറഞ്ഞു. ഒനിബ ഗര്‍ഭിണിയായിരുന്നപ്പോഴാണ് ദമ്പതിമാര്‍ ഖത്തറില്‍ അറസ്റ്റിലാവുന്നത്. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് അയാത് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്റെ പാസ്പോര്‍ട്ടും ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു പേരും ഉടന്‍ തന്നെ നാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നുകേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് ഖത്തറില്‍ സാധാരണ കാര്യമാണ്. കാരണം ഖത്തറില്‍ മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കുന്നത് അസാധാരണമായ സംഭവമാണ്. തബസ്സുമിനെതിരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ശേഖരിച്ച തെളിവുകള്‍ ഏറെ സഹായിച്ചുവെന്നും നിസാര്‍ കോച്ചേരി  പറഞ്ഞു.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക       


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News