Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം,നിരോധിച്ച മരുന്നുകൾ ഏതെല്ലാം?വിശദമായി അറിയാം

March 16, 2021

March 16, 2021

ദോഹ: ഗൾഫിലേക്കുള്ള യാത്രകളിൽ അവശ്യ  മരുന്നുകള്‍ കൈവശം വയ്ക്കുന്നത് സാധാരണമാണ്.പല അസുഖങ്ങൾക്കുമുള്ള മരുന്നുകളാണ് സാമ്പത്തിക ലാഭം കണക്കിലെടുത്ത് നമ്മിൽ പലരും നാട്ടിൽ നിന്ന് വലിയ അളവിൽ വാങ്ങി പലരും ഗൾഫിലേക്കുള്ള യാത്രകളിൽ ഇത്തരത്തിൽ കയ്യിൽ കരുതുന്നത്. എന്നാൽ ഖത്തറിലേക്ക് മരുന്നുകളുമായി പോകുന്ന യാത്രക്കാര്‍ ഇക്കാര്യത്തിൽ കൃത്യമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ആ മരുന്നുകള്‍ ഒരുപക്ഷേ നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം. 

ഇതുമായി ബന്ധപ്പെട്ട ഖത്തറിലെ നിയമങ്ങളും നിയന്ത്രണങ്ങളും വിശദമായി മനസിലാക്കിയാല്‍ ഈ തലവേദന ഒഴിവാക്കാം. അവ എന്തെല്ലാമാണെന്ന് നോക്കാം. 

ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകളാണെങ്കില്‍ പോലും അവയില്‍ പലതിലും അന്തര്‍ദേശീയതലത്തില്‍ നിയന്ത്രണങ്ങളുള്ള പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങളേക്കുറിച്ച് യാത്രക്കാര്‍ ബോധവാന്മാകേണ്ടതുണ്ട്. 

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രാഥമികമായ കാര്യം മരുന്നു കഴിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കൈവശം വയ്ക്കണം എന്നതാണ്. കുറിപ്പടിയുടെ ഒറിജിനല്‍ തന്നെയാണ് വേണ്ടത്. കൂടാതെ മരുന്നുകളുടെ യഥാര്‍ത്ഥ പാക്കിങ്ങില്‍ തന്നെ കൈവശം വയ്ക്കണം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മരുന്നുകള്‍ എളുപ്പം തിരിച്ചറിയാനാണ് ഇത്. 

മറ്റ് രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്ലാത്ത ചില മരുന്നുകള്‍ക്ക് ഖത്തറില്‍ നിയന്ത്രണങ്ങളുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പല മരുന്നുകളും നിരുപദ്രവകരമാണെന്നാകും പലരും കരുതുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ക്കൊപ്പവും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമാണ്. 

ചില വേദന സംഹാരികള്‍, ഉറക്കഗുളികകള്‍, ആന്റി-ഡിപ്രസന്റുകള്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി മരുന്നുകള്‍ എന്നിവയ്ക്ക് ഖത്തറില്‍ നിരോധനമുണ്ട്. 

ആല്‍ഫന്റാനില്‍, ആംഫെതമൈന്‍, കോഡിന്‍, ഫെന്റാനില്‍, കീറ്റാമൈന്‍, മെത്തഡോണ്‍, മീഥൈല്‍ഫെനിഡേറ്റ്, മോര്‍ഫിന്‍ തുടങ്ങിയ മരുന്നുകള്‍ ഖത്തറിൽ നിരോധനമുള്ള മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു

ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എല്ലാ എംബസികള്‍ക്കുമായി ഒരു സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഖത്തറിലേക്ക് വരുന്ന രോഗികള്‍ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി കൈവശം വയ്ക്കുന്ന മരുന്നുകളോ സൈക്കോട്രോപിക്ക് വസ്തുക്കളോ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും ചട്ടങ്ങളുമാണ് സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. 

സര്‍ക്കുലറിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ: 

1. അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും നിരോധിച്ച മരുന്നുകൾ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.

2. 1987 ല്‍ പുറത്തിറക്കിയ നിയമം ഒമ്പതിലെ പട്ടിക എയിലും ബിയിലും ഉള്‍പ്പെട്ടിരിക്കുന്ന മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചരിക്കുന്നു. അതേ നിയമത്തിന്റെ ഷെഡ്യൂള്‍ നമ്പര്‍ മൂന്നില്‍ രജിസ്റ്റര്‍ ചെയ്ത വസ്തുക്കളും ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിയമലംഘനമാണ്. 

3. ഇത്തരം മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ ഫാര്‍മക്കോളജി ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് അപേക്ഷ നല്‍കി അനുമതി വാങ്ങണം. 

പ്രത്യേക അനുമതിയ്ക്കുള്ള നടപടിക്രമങ്ങൾ

4. താഴെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഖത്തറിലേക്ക് വരുന്ന രോഗികളുടെ വ്യക്തിഗതമായ ഉപയോഗത്തിനായി മരുന്നുകള്‍ കൊണ്ടുവരാന്‍ അനുമതി നല്‍കും: 

എ) രോഗി ചികിത്സ തേടിയ ആശുപത്രി സാക്ഷ്യപ്പെടുത്തിയ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഒപ്പം ചേര്‍ക്കണം. ഈ റിപ്പോര്‍ട്ട് ആറുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകരുത്. റിപ്പോര്‍ട്ടില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉണ്ടായിരിക്കണം.

- രോഗിയുടെ വ്യക്തിഗത വിവരങ്ങള്‍
- രോഗനിര്‍ണ്ണയത്തിന്റെ വിവരങ്ങള്‍
- ചികിത്സയും ചികിത്സാ കാലാവധിയും
- പ്രിസ്‌ക്രിപ്ഷനുകള്‍
- മരുന്നുകളുടെ ശാസ്ത്രീയ നാമം, ഫോം, ഷെഡ്യൂള്‍ ചെയ്ത ഡോസുകള്‍

ബി) അതല്ലെങ്കിൽ രോഗിയുടെ പേരിലുള്ള മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ ഒപ്പം ചേര്‍ക്കണം. ഇത് ആശുപത്രി സാക്ഷ്യപ്പെടുത്തിയതാകണം. കുറിപ്പടി ആറുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകരുത്. 

കുറിപ്പടിയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉണ്ടായിരിക്കണം: 

- രോഗനിര്‍ണ്ണയത്തിന്റെ വിവരങ്ങള്‍
- മരുന്നുകളുടെ ശാസ്ത്രീയ നാമം, ഫോം, ഷെഡ്യൂള്‍ ചെയ്ത ഡോസുകള്‍
- എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, ചികിത്സാ കാലാവധി
- ആശുപത്രിയുടെ സീല്‍

സി) രോഗി മാത്രമേ മരുന്ന് ഉപയോഗിക്കൂ എന്നും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നുമുള്ള സത്യവാങ്മൂലം.

ഡി) രോഗിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് ഒപ്പം വേണം.

5. പരമാവധി 30 ദിവസത്തെ കാലയളവിലോ അല്ലെങ്കില്‍ താമസിക്കുന്നത്രയും സമയത്തേക്കോ മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുപോകാനായി അനുമതി ലഭിച്ചേക്കാം. 

രോഗി ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കണം

- മരുന്ന് തീര്‍ന്ന് പോയാല്‍ ഖത്തറിലെ ഒരു ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമായി ബന്ധപ്പെടണം. അതേ മരുന്ന് തുടരേണ്ടതുണ്ടോ എന്ന് ഡോക്ടര്‍ പരിശോധിക്കണം. 

- രോഗിക്ക് അതേ ചികിത്സ തുടരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയാണെങ്കില്‍ ആ ആശുപത്രിയില്‍ രോഗി മെഡിക്കല്‍ ഫയല്‍ ആരംഭിക്കണം. പിന്നീട് അതേ ആശുപത്രി സാക്ഷ്യപ്പെടുത്തിയ പ്രിസ്‌ക്രിപ്ഷനിലൂടെ ഉചിതമായ മരുന്ന് നിര്‍ദ്ദേശിക്കും. ആവശ്യമായ കാലയളവിലേക്ക് പ്രാദേശിക ഫാര്‍മസിയില്‍ നിന്ന് മരുന്ന് ലഭിക്കും. ആവശ്യമെങ്കില്‍ അതേ ആശുപത്രിയില്‍ തുടര്‍ചികിത്സ നടത്തും. 

- പ്രാദേശിക വിപണിയില്‍ മരുന്നോ പകരം മരുന്നോ ലഭ്യമല്ലെങ്കില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം രോഗിയെ ചികിത്സിക്കുന്ന ആശപത്രിക്ക് മരുന്ന് വിതരണക്കാരില്‍ നിന്ന് ഈ മരുന്ന് എത്തികക്കാന്‍ കഴിയും. 

ഇന്‍ജക്ഷന്‍ മരുന്നുകള്‍

6. മരുന്ന് കുത്തിവയ്പ്പിനുള്ളതാണെങ്കില്‍ രോഗിയുടെ പേരില്‍ ഏതെങ്കിലും പ്രാദേശിക ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ അനുമതി നേടാം. വ്യക്തിഗത ഉപയോഗത്തിനായി മരുന്നുകള്‍ ആശുപത്രി ഫയലില്‍ രജിസ്റ്റര്‍ ചെയ്യും. 

7. അധികമായി വരുന്ന മരുന്നുകള്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ ഫാര്‍മ്മക്കോളജി ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോളിലൂടെ നശിപ്പിക്കാം. 

ഖത്തറില്‍ നിന്ന് പോകുമ്പോള്‍

8. ഖത്തറില്‍ നിന്ന് പോകുന്ന രോഗികളെ മുകളില്‍ സൂചിപ്പിച്ച ഖണ്ഡിക നമ്പര്‍ 1, 2, 3, 4 എന്നിവ അനുസരിച്ച് ഖത്തറിലേക്ക് വരുന്ന ഒരാള്‍ക്ക് തുല്യമായി പരിഗണിക്കും. മരുന്നിന്റെ അളവ് 30 ദിവസത്തേക്ക് മാത്രം അനുവദിക്കും. 

9. രോഗിക്ക് പകരം ബന്ധുക്കളില്‍ ഒരാളാണ് മരുന്ന് കൊണ്ടുവരുന്നതെങ്കില്‍ അയാളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. അതുപോലെ രോഗിയുടെ രേഖാമൂലമുള്ള സമ്മതപത്രവും ഒപ്പം വേണം. 

നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പ്രത്യേക നടപടിക്രമം

10. ഖത്തറിലെ നയതന്ത്ര മിഷനില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് വേണ്ടി വേണ്ടി നയതന്ത്ര ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മരുന്നോ സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളോ കൊണ്ടുവരുമ്പോള്‍ താഴെ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കണം:

എ) മിഷനുകളുടെ തലവന്റെ പേരോ മരുന്നുകളുടെ സൂക്ഷിപ്പുകാരന്റെ പേരോ പരാമര്‍ശിച്ചുകൊണ്ട് മിഷനുകള്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ ഫാര്‍മക്കോളജി ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് അപേക്ഷ അയക്കണം. അങ്ങനെ അല്ലെങ്കില്‍ ഒപ്പമുള്ള ഡോക്ടര്‍ മരുന്നിന്റെ സൂക്ഷിപ്പുകാരനാകും. 

അപേക്ഷയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം:

മരുന്നിന്റെയും സൈക്കോട്രോപിക് പദാര്‍ത്ഥത്തിന്റെയും ശാസ്ത്രീയനാമം, ഫോം, അളവ്, വലിപ്പം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മിഷന്‍ രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റി സാക്ഷ്യപ്പെടുത്തിയത്. മരുന്നുകള്‍ ആകാശമാര്‍ഗത്തിലൂടെ മാത്രമാകണം കൊണ്ടുവരേണ്ടത്. മിഷന്‍/ഡെലിഗേഷന്‍ അംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തത്തില്‍ മാത്രമേ മരുന്ന് ഉപയോഗിക്കൂ എന്നും അവ വില്‍ക്കില്ലെന്നും മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നുമുള്ള സത്യവാങ്മൂലം. അധികമായി വരുന്ന മരുന്നുകള്‍ തിരികെ കൊണ്ടുപോകും എന്ന സത്യവാങ്മൂലം. 

11. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാല്‍ മരുന്ന് കൊണ്ടുപോകുന്നതിന് അനുമതി നല്‍കും. 

മറ്റ് കാര്യങ്ങള്‍

മുകളില്‍ പറഞ്ഞതുപോലെയുള്ള വിശദമായ അപേക്ഷ ചില പ്രത്യേക മരുന്നുകള്‍ക്കും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ക്കും മാത്രമേ ആവശ്യമുള്ളൂ. 

ഖത്തറിലെ നിരോധിത മരുന്നുകളുടെ ലഭ്യമായ പട്ടിക കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഈ പട്ടിക പൂര്‍ണ്ണമാകണമെന്നില്ല. എങ്കിലും നിരോധിത മരുന്നുകളെ കുറിച്ച് ഏകദേശ ധാരണ ഇതില്‍ നിന്ന് ലഭിക്കും.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News