Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കോവിഡിനെ പ്രവാസികൾ എത്രത്തോളം ഭയപ്പെടണം ?

June 03, 2020

June 03, 2020

റഈസ് അഹമ്മദ്

ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന മലയാളികളും നാട്ടില്‍ അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും കോവിഡ്-19 എന്ന മഹാമഹാരിയെ കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കൊറോണ വൈറസുകൾ ഉണ്ടാക്കുന്ന കോവിഡ് എന്ന രോഗത്തിനപ്പുറം അതുണ്ടാക്കാന്‍ സാധ്യതയുള്ള സാമൂഹികവും സാമ്പത്തീകവും വ്യക്തിപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്താണ് പലരുടെയും ആശങ്കകള്‍ പെരുക്കുന്നത്.
കോവിഡ് കാലത്തെക്കുറിച്ചും കോവിഡാനന്തര കാലത്തെക്കുറിച്ചും ഇത്രമാത്രം ആശങ്കപ്പെടുന്ന മറ്റൊരു സമൂഹവും ലോകത്തുണ്ടാകുമെന്ന് തോന്നുന്നില്ല. കോവിഡുയര്‍ത്തിയ ഭീഷണി ധാരാളം ഗള്‍ഫ് മലയാളികളെ ഇതിനകം തന്നെ ശാരീരീകമായും അതിലേറെ മാനസികമായും ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ചില ആത്മഹത്യാകേസുകളും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനപ്പുറം നൂറ്റിയെഴുപതോളം പേര്‍ കോവിഡ്-അനുബന്ധ രോഗങ്ങള്‍ പിടിപ്പെട്ട് ഗൾഫിൽ  മരണത്തിന് കീഴടങ്ങുകയും ചെയ്തു. 


കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലത്തോളം ഗള്‍ഫ് വരുമാനത്തെ ആശ്രയിച്ചു ജീവിച്ചു പോന്നവര്‍ക്കിടയില്‍ പ്രത്യേകിച്ചും ഇടത്തരം പ്രവാസികള്‍ക്കിടയില്‍ ഒരു ഫോബിയ (ഭയപ്പെടുത്തുന്ന അവസ്ഥ) ഉയര്‍ത്തിവിട്ടിരിക്കുകയാണ് കോവിഡ്-19 എന്ന കൊറോണ. രോഗവ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കപ്പെട്ട ക്വാറന്റൈന്‍, ഐസോലേഷന്‍ ജീവിത രീതികള്‍ ഇറ്റലിയിലും അമേരിക്കയിലും ആസ്‌ത്രേലിയയിലും ലോകത്തിന്റെ മറ്റു പലയിടങ്ങളിലും ജനങ്ങളുടെ മാനസീകാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍ കോവിഡിന്റെ മാനസീക പ്രത്യാഘാതങ്ങള്‍ ഗള്‍ഫ് മലയാളികളില്‍ ഏറെ വ്യത്യസ്തമായാണ് പ്രതിഫലിച്ചു കാണുന്നത്.

ഗള്‍ഫുകാരിലെ കോവിഡ് ഫോബിയ:
എന്തിനെയും ഭയപ്പെടുന്ന അവസ്ഥയെയാണ് പൊതുവെ ഫോബിയ എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. യുക്തിരഹിതവും രോഗാവസ്ഥക്കു തുല്യവുമായ ഭീതിയെന്ന് വിശദമായി പറയാം. കോവിഡ്-19 ഗള്‍ഫുകാരായ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും ഇടത്തരക്കാര്‍ക്കിടയില്‍ അത്തരമൊരു അവസ്ഥ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന ഭീതിയും ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ഈ ഫോബിയക്ക് അടിസ്ഥാനകാരണമാകുന്നത്. കമ്പനികളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍, എണ്ണയുടെ വിലയിടിവ്, നിരവധി കമ്പനികള്‍ അടച്ചുപൂട്ടുന്നുവെന്ന വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയകളില്‍ പരക്കുന്ന അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ തുടങ്ങിയവ കൊറോണ ഫോബിയയെ ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.

അമിതമായ ഉത്കണ്ഠ:
രോഗത്തെക്കുറിച്ചും രോഗമുക്തിയെക്കുറിച്ചുമുള്ള ചിന്തകള്‍ക്കപ്പുറമുള്ള കാര്യങ്ങളാണ് ഗള്‍ഫുകാരില്‍ അമിതമായ ഉത്കണ്ഠയുണ്ടാക്കുന്നത്. നിദാഖാത് നിയമം നടപ്പിലാക്കിയ കാലത്ത് സ്വതന്ത്രമായി ജോലി ചെയ്ത് കഴിഞ്ഞിരുന്ന ഒരു വിഭാഗം സൗദി  മലയാളികള്‍ക്കിടയില്‍ ഈ മാനസീകാവസ്ഥ കാണപ്പെട്ടിരുന്നു. അതുവരെയുണ്ടായിരുന്ന ജോലിയും വരുമാനവും ഇല്ലാതാകുമെന്ന ഭയമാണ് കൂടുതല്‍ പേരെയും അമിതമായ ഉത്കണ്ഠയിലേക്കും തുടര്‍ന്നുള്ള മാനസീക പ്രയാസങ്ങളിലേക്കും തള്ളിവിടുന്നത്.  ഗള്‍ഫ് ജോലിയുടെ ബലത്തില്‍ നാട്ടിലെ ബാങ്കുകളില്‍ നിന്നെടുത്ത ഭീമമായ വായ്പകള്‍, ബിസിനസ് നഷ്ടങ്ങള്‍, കുട്ടികളുടെ പഠനം, ഗള്‍ഫിലെ ബാങ്ക് വായ്പകളുടെ പേരിലുള്ള നിയമനടപടികള്‍ എന്നിവയെക്കുറിച്ചുള്ള ചിന്തകള്‍ അവരുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു.

ദുര്‍ബലമാകുന്ന മാനസികാരോഗ്യം:
വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും സൃഷ്ടിക്കാനും പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്ന് തന്റെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്താനുമുള്ള മനസ്സിന്റെ കഴിവിനെയാണ് മാനസികാരോഗ്യം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. കൊറോണ ഉടലെടുത്തതിന് ശേഷം രോഗം ബാധിച്ചവരിലും അല്ലാത്തവരിലും മാനസീകാരോഗ്യം കുറയുന്നതായാണ് കാണപ്പെടുന്നത്. ഗള്‍ഫ് മലയാളികളിലെ മാനസീകാരോഗ്യ പ്രശ്‌നങ്ങള്‍ താഴെ പറയുന്ന പ്രയാസങ്ങളിലേക്ക് നയിക്കുന്നു.

  1 ) മാനസീക പിരിമുറുക്കം (stress): ജോലി നഷ്ടപ്പെടുമെന്ന തോന്നലും വരുമാനം കുറയുന്നതും അടച്ചിട്ട ജീവിതവും മാനസീക പിരിമുറുക്കം വര്‍ധിപ്പിക്കും. രക്താതി സമ്മര്‍ദ്ദം, ഹൃദയാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വരെ ഈ അവസ്ഥ എത്തിച്ചേക്കാം.

 2 ) വിഷാദം (depression) : ക്വാറന്റൈന്‍ ചെയ്യപ്പെട്ട ജീവിതവും നാട്ടിലേക്ക് പെട്ടെന്ന് മടങ്ങാന്‍ സാധിക്കില്ലെന്ന ചിന്തയും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയെന്ന തോന്നല്‍ ചിലരിലുണര്‍ത്തിയേക്കാം. സാമൂഹിക-സൗഹൃദ ബന്ധങ്ങള്‍ കുറയുന്നവരില്‍ അത് വിഷാദരോഗമായി (Depression) മാറിയേക്കാം. അത്തരക്കാര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

 3 ) അമിത ദുഖം (distress):  രോഗം ബാധിച്ച് ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരിലും അല്ലാത്തവരിലും പൊതുവില്‍ ഈയൊരവസ്ഥ ഉടലെടുക്കുന്നുണ്ട്. ജന്മനാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതകള്‍ അതിവിദൂരമാണെന്ന തോന്നലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് അമിതദുഖം (distress) എന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നത്.

4 ) നെഗറ്റീവ് ചിന്തകള്‍: ഒരാള്‍ക്ക് ചുറ്റുമുള്ള വസ്തുതകളെ പ്രതികൂലമായി മാത്രം സമീപിക്കുന്ന അവസ്ഥയാണ് നെഗറ്റീവ് ചിന്താഗതി. മാറിയ സാഹചര്യത്തില്‍ ചിലര്‍ ചെറിയകാര്യങ്ങളെപ്പോലും അസ്വസ്ഥയോടെയാണ് നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. ഇത്തരക്കാരുടെ മാനസീകാരോഗ്യം ദുര്‍ബലമാകാനുള്ള സാധ്യതയേറെയാണ്.

പ്രതിസന്ധിയെ മറികടക്കുന്നതെങ്ങനെ?.
കൊറോണ ഫോബിയയെ പടിക്കുപുറത്തു നിര്‍ത്താന്‍ ലളിതമായ ചില തയ്യാറെടുപ്പുകളും പരിശീലനങ്ങളും മാത്രമാണ് ആവശ്യപ്പെടുന്നത്. കോവിഡ്  എന്ന രോഗം എന്താണെന്നും അതിന്റെ സാധ്യതകള്‍ ഏതുവരെയാണെന്നും അറിയുക എന്നതും പ്രധാനമാണ്.

ആത്മവിശ്വാസത്തോടെ നേരിടുക:
രോഗത്തെയും ക്വാറന്റൈന്‍ ജീവിതത്തെയും ആത്മവിശ്വാസത്തോടെ നേരിടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രോഗകാലത്തെയും രോഗാനന്തരകാലത്തെയുംക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം. രോഗമുക്തിക്ക് ശേഷം എന്തെല്ലാം ചെയ്യാനുണ്ട് എന്നതിനെക്കുറിച്ച് ചിന്തിക്കുക. ജോലി നഷ്ടവും വരുമാന നഷ്ടവും ഭീഷണിയായി നില്‍ക്കുന്നവര്‍ നെഗറ്റീവ് ചിന്തകള്‍ മാറ്റിവെച്ച് പ്രതിസന്ധികളെ മറികടക്കാനുള്ള മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുക.

ഭയത്തെ മനസ്സില്‍ നിന്നും പുറംതള്ളുക:
നാളെയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ചിന്തകളെ മനസ്സില്‍ നിന്നും മാറ്റിനിര്‍ത്തുക. മക്കളുടെ പഠനം, തിരിച്ചടക്കാന്‍ ബാക്കിയുള്ള ഭാരിച്ച വായപകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഫലപ്രദമായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുക. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക.

പോസിറ്റീവായി ചിന്തിക്കുക:
വിഷാദം, തീവ്രദുഖം, വിരസത, നാഡിതളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളെ മറികടക്കാന്‍ പോസിറ്റീവ് ചിന്തകള്‍ സഹായകരമാണ്. നെഗറ്റീവ് ചിന്തകളോടും അത്തരം സന്ദേശങ്ങളോടും എല്ലായ്‌പ്പോഴും നോ എന്ന സമീപനം സ്വീകരിക്കുക.

ഉറക്കവും വ്യായാമവും:
മാനസീകാരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമുള്ള രണ്ടു കാര്യങ്ങളാണ് കൃത്യമായ ഉറക്കവും വ്യായാമവും. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ മാത്രമെ തലച്ചോറിനും മറ്റു ആന്തരീക അവയവങ്ങള്‍ക്കും ആവശ്യമായ വിശ്രമവും ഊര്‍ജവും ലഭിക്കുകയുള്ളു. ദിവസവും കുറച്ച്  സമയം ലഘുവ്യായാമങ്ങള്‍ക്കായി മാറ്റിവെക്കുന്നതും ഗുണം ചെയ്യും. ക്വാറന്റൈനില്‍ ജീവിക്കുന്നവര്‍ ശ്വസന വ്യായാമം പോലുള്ള ഏറെ ലഘുവായ വ്യായാമങ്ങളാണ് ചെയ്യേണ്ടത്.

ധ്യാനം: മാനസീകാരോഗ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ വഴിയാണ് ധ്യാനം. ധ്യാനം മനസ്സിന് ഊര്‍ജവും ഉന്മേഷവും നല്കാന്‍ സഹായിക്കും. ദിവസവും അഞ്ചു മിനുറ്റ് മുതല്‍ 20 മിനുറ്റ് വരെ മറ്റെല്ലാ ചിന്തകളും മാറ്റിവെച്ച് മനസ്സിനെ സ്വതന്ത്രമാക്കി മാറ്റുക.

സൗഹൃദം: ഒറ്റയ്ക്കല്ലെന്ന തോന്നല്‍ മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ അനുയോജ്യമായ എറ്റവും നല്ലമാര്‍ഗമാണ് സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നുള്ളത്. ആത്മവിശ്വാസം ഉയര്‍ത്താനും പോസിറ്റീവ് ചിന്തകള്‍ വളര്‍ത്താനും നല്ല സൗഹൃദങ്ങള്‍ക്കാവും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News