Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫ് പ്രതിസന്ധി,പ്രതീക്ഷയും നിലപാട് മാറ്റവും 

December 05, 2020

December 05, 2020

അൻവർ പാലേരി 


ദോഹ : 2017 ജൂൺ ആദ്യ വാരം ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം പിൻവലിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾക്കിടയിൽ ധാരണയിലെത്തിയതോടെ ഗൾഫിലെ ഇന്ത്യക്കാർ ഉൾപെടെയുള്ള പ്രവാസി സമൂഹവും ആഹ്ലാദത്തിലാണ്.ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം പല തവണ അനുരഞ്ജന നീക്കങ്ങൾ ഫലപ്രാപ്തിയിലെത്താനുള്ള സാധ്യതകൾ തെളിഞ്ഞിരുന്നെങ്കിലും പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു.എന്നാൽ ഇത്തവണ കാര്യങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ചില ഉപാധികളിൽ കൂടി സമവായമുണ്ടാകുന്നതോടെ എത്രയും പെട്ടെന്ന് തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സുഗമമായ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന്  കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസിര്‍ അല്‍ സബാഹ് കഴിഞ്ഞ ദിവസം കുവൈത്ത് ടെലിവിഷനിലൂടെ ഔദ്യോഗികമായി അറിയിച്ചതോടെയാണ് ഗൾഫ് മേഖലയിൽ കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വം അവസാനിക്കുകയാണെന്ന ധാരണ ബലപ്പെട്ടത്.ഇതിന് മുന്നോടിയായി വാഷിംഗ്ടണും കുവൈത്തും കേന്ദ്രമായി തിരക്കിട്ട ചില കൂടിയാലോചനകൾ നടക്കുന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാല്‍ ഉപരോധം എന്ന് അവസാനിക്കും എന്ന്  ശൈഖ് അഹമ്മദ് നാസിര്‍ അല്‍ സബാഹ്  കൃത്യമായി പറഞ്ഞിരുന്നില്ല. ഉപരോധത്തിൽ ഏർപെട്ട എല്ലാ വിഭാഗവും സമവായത്തിന്റെ പാതയില്‍ എത്തി എന്ന സൂചനയാണ് കുവൈത്ത് മന്ത്രി കഴിഞ്ഞ ദിവസം നല്‍കിയത്.അതേസമയം,മധ്യസ്ഥത്തിനായി ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ജാരെദ് കുഷ്‌നർ ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിച്ചതും വലിയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷം പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ ശരീര ഭാഷയും പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

സൗദിയുമായി ധാരണയിലെത്തി,വൈകിയത് അബുദാബിയുടെ പിടിവാശി കാരണം 

ഖത്തറിനെതിരായ ഉപരോധം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഖത്തറിനും സൗദിക്കുമിടയിൽ മഞ്ഞുരുകി തുടങ്ങിയതായുള്ള സൂചനകൾ പലപ്പോഴായി പുറത്തുവന്നിരുന്നു.ഉപരോധം മൂലം ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടായ രാജ്യമെന്ന നിലയിലും ഹൂതികളിൽ നിന്നുള്ള തുടർച്ചയായ ആക്രമണങ്ങളും മറ്റ് ആഭ്യന്തര പ്രശ്നങ്ങളും കാരണം കടുത്ത പ്രതിസന്ധിയിലായ സൗദിയെ സംബന്ധിച്ചിടത്തോളം ഖത്തറിനെതിരായ ഉപരോധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.

ഇതിന് പുറമെ,ഇറാനുമായി കുറേകൂടി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന ഖത്തറുമായി ഇടഞ്ഞുനിൽക്കുന്നത് തങ്ങളുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താനുള്ള അനുരഞ്ജന നീക്കങ്ങൾക്ക് കൂടുതൽ വിഘാതമുണ്ടാക്കുമെന്ന കണക്കു കൂട്ടലും സൗദിക്കുണ്ട്. ഖത്തർ ജനതയുമായി സൗദിയിലെ ജനങ്ങൾക്കുള്ള ചരിത്രപരവും കുടുംബപരവുമായ ഇഴയടുപ്പവും ഏറെക്കാലം ഭിന്നിപ്പിൽ കഴിയുന്നത് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിന് പ്രേരണയായിട്ടുണ്ട്.

അതേസമയം,അനുരഞ്ജനത്തിന് സൗദി ഭരണകൂടം പച്ചക്കൊടി കാണിച്ചപ്പോഴെല്ലാം തടസ്സവാദവുമായി അബുദാബി രംഗത്തെത്തിയത് പ്രശ്നപരിഹാരത്തിന് തടസ്സം നിന്നതായാണ് വിലയിരുത്തൽ.

ട്രംപിന്റെ നീക്കം ബൈഡനെ മറികടന്നു നേട്ടം കൊയ്യാൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ്‌ ട്രംപിൻറെ തല്പര നീക്കങ്ങളിൽ നിന്ന് രൂപപ്പെട്ട ഉപരോധവുമായി ബന്ധപ്പെട്ട തുടർന്നുള്ള കരുനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് അമേരിക്കയിലെ യു.എ.ഇ അംബാസിഡർ യൂസഫ് അൽ ഒതൈബയായിരുന്നു.അമേരിക്കയും യൂറോപ്പും കേന്ദ്രമായി ഖത്തറിനെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങൾ അഴിച്ചുവിടുന്നതിനുള്ള കാമ്പയിൻ സംഘടിപ്പിച്ചതും ചില വിദേശമാധ്യമങ്ങളെ ഇതിനായി ഉപയോഗിച്ചതുമെല്ലാം ഒതൈബയുടെ നേതൃത്വത്തിലായിരുന്നു.എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡൻ നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.

ഖത്തറിനെതിരായ ഉപരോധവും തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് തുടക്കം മുതൽ ശക്തമായി ആവശ്യപ്പെട്ടിരുന്ന ഡമോക്രാറ്റുകൾ അധികാരത്തിലെത്തുന്നതോടെ ഉപരോധം ഇനിയും തുടരുന്നത് ബൈഡന്റെ അപ്രീതിക്ക് കാരണമാകുമെന്ന് യു.എ.ഇയും സൗദിയും ഭയപ്പെടുന്നുണ്ട്.ഈ ഘട്ടത്തിൽ ബൈഡൻ അധികാരമേൽക്കുന്നതിന് മുമ്പ് പ്രതിസന്ധി പരിഹരിച്ച് അവസാന നേട്ടം കൊയ്യാനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകുക മാത്രമാണ് മുന്നിലുള്ള ഏക പോംവഴി.

യമൻ,സിറിയ,ഇറാഖ് തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ചിരുന്ന നിലപാടുകൾക്ക് ഒപ്പം സഞ്ചരിച്ചിരുന്ന സൗദി സഖ്യരാജ്യങ്ങൾക്ക് ഈ വിഷയങ്ങളിലുള്ള ബൈഡന്റെ സമീപനവും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.യമനിൽ സൗദി സഖ്യരാജ്യങ്ങൾ നടത്തുന്ന സൈനിക ഇടപെടലിനെ പലപ്പോഴായി വിമർശിച്ചിരുന്ന ഡെമോക്രാറ്റ് പാർട്ടിയുടെ നേതാവെന്ന നിലയിൽ മേഖലയിലെ ഇത്തരം വിഷയങ്ങളിൽ പെട്ടെന്നൊരു നടപടി സാധ്യമല്ലെങ്കിലും ബൈഡൻ അധികാരമേൽക്കുന്നതോടെ കാര്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതും സൗദി സഖ്യരാജ്യങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.എല്ലാറ്റിലുമുപരി,അമേരിക്കയിൽ രണ്ടാമൂഴം സ്വപ്നം കാണുന്ന ട്രംപിന് ഗൾഫ് പ്രതിസന്ധി ഏതെങ്കിലും തരത്തിൽ പരിഹരിച്ച് അമേരിക്കൻ ബിസിനസ് സമൂഹത്തെ കൂടെ നിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.നിലവിൽ അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി പ്രസിഡന്റ് പദവിയിലേക്കെത്തുന്ന ബൈഡന്റെ കാലയളവിൽ ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചു ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെട്ടാൽ അത് ട്രംപിന് ക്ഷീണമാകും.അതുകൊണ്ടു തന്നെ രണ്ടാഴ്ചക്കകം നിലവിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കേണ്ടത് ട്രംപിന്റെ കൂടി ആവശ്യമാണ്.

കുവൈത്തിന് അഭിനന്ദന പ്രവാഹം,പ്രതികരിക്കാതെ യു.എ.ഇ 

ഖത്തറിനെതിരായ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് വിദേശകാര്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്ര നേതാക്കൾ രംഗത്തെത്തി.കുവൈത്ത് അമീർ,ഖത്തർ വിദേശകാര്യ മന്ത്രി,യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്,ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയം വക്താവുമായ ലുൽവാ അൽ ഖാതിർ തുടങ്ങി വിവിധ നേതാക്കൾ ശുഭപ്രതീക്ഷയോടെയുള്ള പ്രതികരണങ്ങളാണ് പങ്കുവെച്ചത്.

അതേസമയം,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈൻ,തുടങ്ങിയ രാജ്യങ്ങൾ കുവൈത്ത് അമീറിന്റെ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയിൽ പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങൾ സജീവമാകുന്ന ഘട്ടങ്ങളിലെല്ലാം വാർത്ത നിഷേധിച്ചു രംഗത്തെത്താറുള്ള യു.എ.ഇ ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം നല്ല സൂചനയായാണ് പലരും വിലയിരുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News