Breaking News
ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് |
അൽ ഉല പ്രഖ്യാപനം,പ്രധാന തീരുമാനങ്ങൾ 

January 07, 2021

January 07, 2021

റിയാദ്:  ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ശക്തിയും യോജിപ്പും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാണ് ചൊവ്വാഴ്ച റിയാദിലെ അൽ ഉല ഉച്ചകോടിയിൽ പാസാക്കിയ അനുരഞ്ജന പ്രമേയത്തിന്റെ ഉള്ളടക്കം.ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ പരിഹരിക്കാന്‍ അന്തരിച്ച മുൻ കുവൈത്ത് അമീര്‍ ശൈഖ് സാബാഹ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ് നടത്തിയ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ പ്രഖ്യാപനത്തിൽ പ്രശംസിച്ചു. ഗള്‍ഫ് ഐക്യത്തിനായി കുവൈത്ത് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സബാഹും അമേരിക്കയും നടത്തിയ പരിശ്രമത്തിന് പ്രമേയത്തിൽ നന്ദി പറഞ്ഞു. അതേസമയം,ഖത്തറിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളോ പരിഹാര നിർദ്ദേശങ്ങളോ ലഭ്യമായ കരാറിൽ പരാമർശിക്കുന്നില്ല.

അറബ് മേഖലയിലെ കാര്യങ്ങള്‍ സാധാരണനിലയിലാക്കാനുള്ള ജി.സി.സിയുടെ നടപടികളെ കരാര്‍ പുനഃസ്ഥാപിച്ചു. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താന്‍ കരാറിന് കഴിയുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. 

കഴിഞ്ഞ വര്‍ഷം അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖ്വബൂസ് ബിന്‍ സെയ്ദ് ബിന്‍സൈദ്, കുവൈത്ത് അമീര്‍ ശൈഖ് സാബാഹ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ് എന്നിവരുടെ നിര്യാണത്തില്‍ കൗണ്‍സില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരു നേതാക്കളും കൈവരിച്ച നേട്ടങ്ങളെയും അറബ് ലോകത്തിനും മുസ്‌ലിം ലോകത്തിനും ഇരുവരും നല്‍കിയ സംഭാവനകളെയും കൗണ്‍സില്‍ പ്രശംസിച്ചു. 

ബഹ്‌റൈന്‍ പ്രധാനമന്ത്രിയായിരുന്ന ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ നിര്യാണത്തില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. ജി.സി.സിയുടെ സംയുക്തമായ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹം നടത്തിയ പരിശ്രങ്ങളെ കൗണ്‍സില്‍ ആദരിച്ചു. 

പുതുതായി അധികാരമേറ്റ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ബിന്‍ താരിഖിനെയും കുവൈത്ത് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സബാഹിനെയും കൗണ്‍സില്‍ സ്വാഗതം ചെയ്തു. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ കഴിവില്‍ കൗണ്‍സില്‍ പൂര്‍ണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയ്ക്ക് അധ്യക്ഷത വഹിച്ചതിനും സ്വാഗത പ്രസംഗം നടത്തിയതിനും സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കൗണ്‍സില്‍ അഭിനന്ദിച്ചു. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലകളിലും സഹകരണം സജീവമാക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു സൗദി കിരീടാവകാശിയുടെ പ്രസംഗമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 

ജി.സി.സിയുടെ 40-ാം ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായെദ് അല്‍ നഹ്യാനെ കൗണ്‍സില്‍ അഭിനന്ദിച്ചു. അക്കാലത്ത് അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു. 

ഇസ്‌ലാമിക വിശ്വാസത്തിന്റെയും അറബ് സംസ്‌കാരത്തിന്റെയും കാര്യത്തില്‍ ജി.സി.സി രാജ്യങ്ങള്‍ പങ്കിടുന്ന പ്രത്യേക ബന്ധങ്ങളെയും പൊതു സവിശേഷതകളെയും കുറിച്ച് കൗണ്‍സില്‍ പ്രത്യേകം പരാമര്‍ശിച്ചു. ജി.സി.സിയുടെ കരുത്തിനെയും യോജിപ്പിനെയും കുറിച്ച് കൗണ്‍സില്‍ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. 

വിശുദ്ധ ഗേഹങ്ങളുടെ രക്ഷാധികാരിയായ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്റെ അധ്യക്ഷതയില്‍ വെര്‍ച്വലായി നടത്തിയ 2020 ലെ ജി 20 ഉച്ചകോടിയ്ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യയെ സുപ്രീം കൗണ്‍സില്‍ അഭിനന്ദിച്ചു. കൊവിഡ്-19 ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കെ ആരോഗ്യ മുന്‍കരുതലുകളോടെ ജി 20 ഉച്ചകോടി നടത്തിയതിനെ സുപ്രീം കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു. 

യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തെ ജി.സി.സി സുപ്രീം കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഇത്തരം പദ്ധതികള്‍ ശാസ്ത്രം, സാങ്കേതികവിദ്യ, ബദല്‍ ഇന്ധനങ്ങള്‍, ബഹിരാകാശ പര്യവേക്ഷണം എന്നിവയിലെ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു. ഈ മേഖലകളിലെ വൈദഗ്ധ്യം അംഗരാജ്യങ്ങള്‍ പരസ്പരം കൈമാറേണ്ടതിന്റെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. 

2020 എക്‌സ്‌പോ ദുബായ് പരിപാടി നടത്താനുള്ള ശ്രമങ്ങളില്‍ യു.എ.ഇയ്ക്ക് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. രാജ്യാന്തര ബിസിനസ് ഹബ്ബ് എന്ന നിലയില്‍ അറബ് മേഖലയുടെ നിലവാരം ശക്തിപ്പെടുത്തുന്ന ഈ അന്താരാഷ്ട്ര പരിപാടിയുടെ വിജയം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. 

2021 ഒക്ടോബറില്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ തീരുമാനത്തെ സുപ്രീം കൗണ്‍സില്‍ പ്രശംസിച്ചു. ജി.സി.സിയിലെ ലെജിസ്‌ലേറ്റിവ് സമിതികള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കൗണ്‍സില്‍ എടുത്ത് പറഞ്ഞു. 

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പാര്‍ലമെന്റേറിയന്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്റെ (GOPAC) 2019 മുതല്‍ 2021 വരെയുള്ള കാലത്തെ പ്രസിഡന്റായി ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹമൂദിനെ തെരഞ്ഞെടുത്തതിന് ഖത്തറിനെ കൗണ്‍സില്‍ അഭിനന്ദിച്ചു. 

2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പിനെ ജി.സി.സി സുപ്രീം കൗണ്‍സില്‍ പ്രശംസിച്ചു. ലോകകപ്പ് ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ ഖത്തറിനെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൗണ്‍സില്‍ അറിയിച്ചു. 

'ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി' എന്ന ആശയത്തെ അടിസ്ഥാനമാക്കി ദോഹ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് (എ.ഐ.പി.എച്ച്) എക്‌സ്‌പോ 2023 എന്ന പരിപാടി ഖത്തര്‍ നടത്തിയതിനെ കൗണ്‍സില്‍ സ്വാഗതം ചെയ്തു. 

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബെയ്ഡനെ ജി.സി.സി സുപ്രീം കൗണ്‍സില്‍ അഭിനന്ദിച്ചു. അറബ് മേഖലയിലും ലോകത്തും സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിനായി അമേരിക്കയുമായി ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി കൗണ്‍സില്‍ വ്യക്തമാക്കി. ബെയ്ഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകുമെന്ന പ്രതീക്ഷയും കണ്‍സില്‍ പങ്കുവച്ചു. 

കൊറോണ വൈറസ് മഹാമാരിയെ നേരിടാനുള്ള അംഗരാജ്യങ്ങളുടെ ശ്രമങ്ങളെ കുറിച്ച് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ നന്ദി അറിയിച്ചു. കൗവിഡ്-19 പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൗണ്‍സില്‍ അവലോകനം ചെയ്തു. വൈറസ് ഉണ്ടാക്കിയ ആഘാതം ലഘൂകരിച്ച ഭരണാധികാരികളുടെ പരിശ്രമങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. 

പ്രതിരോധ നടപടികളുമായി പൂര്‍ണ്ണമായി സഹകരിച്ച പൗരന്മാരെയും താമസക്കാരെയും കൗണ്‍സില്‍ അഭിനന്ദിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സഹകരണത്തിന് ഉള്ള പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. കൊറോണ വൈറസ് കാരണം ദുരിതം ബാധിച്ചവരെ സഹായിക്കാനായി കൈക്കൊണ്ട സാമ്പത്തികവും സാമൂഹികവുമായ നടപടികളെയും കൗണ്‍സില്‍ അഭിനന്ദിച്ചു. കൊറോണ വൈറസിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ നേരിടാന്‍ അറബ് മേഖലയിലെ വൈദഗ്ധ്യം പരസ്പരം കൈമാറേണ്ടതിന്റെയും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായി സഹകരിക്കേണ്ടതിന്റെയും പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. 

സാമ്പത്തിക ഐക്യത്തിനും സംയുക്ത സുരക്ഷാ-പ്രതിരോധ സംവിധാനത്തിനും ഏകീകൃത വിദേശ നയം വികസിപ്പിക്കുന്നതിനുമായി ശേഷിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ ജി.സി.സി അതോറിറ്റികളോടും മന്ത്രിതല സമിതികളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ കൗണ്‍സില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇവ നടപ്പാക്കുന്നതില്‍ കൈവരിച്ച പുരോഗതിയെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജനറല്‍ സെക്രട്ടറിയേറ്റിനോട് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. 

സമഗ്രതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളില്‍ ഭരണം, സുതാര്യത, ഉത്തരവാദിത്തം, എന്നിവ വര്‍ധിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള ജി.സി.സി രാജ്യങ്ങളുടെ ശ്രമങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. ജി.സി.സിയുടെ നിയുക്ത അധികാരികളും സംഘടനകളും ഇക്കാര്യത്തില്‍ സഹകരണ ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. 

മഹാമാരികൾ നേരിടാൻ പ്രത്യേക പദ്ധതി 

അടിയന്തിര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള പൊതുജനാരോഗ്യ പദ്ധതിക്കായി കൗണ്‍സില്‍ ഒരു പൊതു ചട്ടക്കൂട് രൂപീകരിച്ചു.. അംഗരാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ നിയുക്ത അധികാരികള്‍ക്ക് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി. രോഗങ്ങള്‍ക്കെതിരെ പോരാടാനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം നേടാനുമായി ജി.സി.സി സെന്റര്‍ (GCC center for protection and combating diseases) സ്ഥാപിക്കാനുള്ള തീരുമാനവും കൗണ്‍സില്‍ അംഗീകരിച്ചു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനായി ഏകീകൃത നിയമങ്ങളോടെ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ധാരണയായി. 

തന്ത്രപരമായ സാമ്പത്തിക പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. കസ്റ്റംസ് യൂണിയന്റെ ആവശ്യകതകള്‍, സംയുക്ത ജി.സി.സി മാര്‍ക്കറ്റ് സ്ഥാപിക്കുക, റെയില്‍വേ പദ്ധതി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി (എ.ഐ) എന്നീ മേഖലകളിലെ നാലാമത്തെ വ്യാവസായിക വിപ്ലവ ലക്ഷ്യങ്ങള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ-ജല സുരക്ഷ സ്ഥാപിക്കുന്നതില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. 

സാമ്പത്തിക-വികസന കാര്യ അതോറിറ്റിയുടെ വര്‍ക്ക് പ്രോഗ്രാം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീം കൗണ്‍സില്‍ അവലോകനം ചെയ്തു. റോഡ് മാപ്പില്‍ അംഗീകരിച്ച കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനും 2025 ഓടെ സഹകരണ കൗണ്‍സിലിലെ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഐക്യം കൈവരിക്കുന്നതിനുള്ള പഠനങ്ങളും പദ്ധതികളും പൂര്‍ത്തീകരിക്കാനും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.  

സംയുക്ത സൈനിക സുരക്ഷ

സംയുക്ത സൈനിക, സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സംയുക്ത പ്രതിരോധ കരാറിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യാന്‍ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കി. അല്‍ ജസീറ കമാന്റ് എന്ന പേര് ജി.സി.സിയുടെ ഏകീകൃത സൈനിക കമാന്റ് എന്നാക്കി മാറ്റുന്നതാണ് ഈ വകുപ്പ്. സൈനിക സംയോജനത്തെ കുറിച്ചുള്ള 17-ാമത് സെഷനിലെ സംയുക്ത പ്രതിരോധ സമിതിയുടെ തീരുമാനങ്ങള്‍ കൗണ്‍സില്‍ അംഗീകരിച്ചു. 2020 ഫെബ്രുവരിയില്‍ യു.എ.ഇ ആതിഥേയത്വം വഹിച്ച സംയുക്ത സൈനികാഭ്യാസമായ ഗള്‍ഫ് സെക്യൂരിറ്റി-2 ന്റെ വിജയത്തെ കൗണ്‍സില്‍ പ്രശംസിച്ചു. 

 

ഭീകരവാദത്തിന്റെ ലക്ഷ്യങ്ങളെ പരിഗണിക്കാതെ ഭീകരതയെ തള്ളിക്കളയാനുള്ള നിലപാട് സുപ്രീം കൗണ്‍സില്‍ ആവര്‍ത്തിച്ചു. ഐ.എസ്.ഐ.എസിനെതിരെ പോരാടുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ശ്രമങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. ഐ.എസ്.ഐ.എസ് ഇസ്‌ലാമിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു. 

മുഹമ്മദ് നബിയെ അപമാനിക്കുന്ന എല്ലാ കാര്‍ട്ടൂണുകളെയും കൗണ്‍സില്‍ അപലപിച്ചു. ഇത് വ്യക്തമായും വിദ്വേഷം പരത്തുന്ന കുറ്റകൃത്യവും വര്‍ഗീയതയും വംശീയതയുമാണ്. സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. ഇറാനെ പിന്തുണയ്ക്കുന്ന അല്‍ അഷ്തര്‍, അല്‍ മൊക്താര്‍ ബ്രിഗേഡ്‌സ് എന്നീ സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച അമേരിക്കയുടെ തീരുമാനത്തെ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഹിസ്ബുള്ളയെ ഭീകരസംഘടനയായി മുദ്രകുത്തിയ ചില രാജ്യങ്ങളുടെ തീരുമാനത്തെയും കൗണ്‍സില്‍ പ്രശംസിച്ചു. 

ഫലസ്തീൻ പിന്തുണ 

നിരവധി പ്രാദേശിക പ്രശ്‌നങ്ങളും കൗണ്‍സില്‍ അവലോകനം ചെയ്തു. ഇസ്രയേല്‍-പലസ്തീന്‍ പലസ്തീനെ പിന്തുണയ്ക്കുന്നത് അറബ് ലോകത്തിനും മുസ്‌ലിങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. 1967 ജൂണിലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ള ഈസ്റ്റ് അല്‍ ഖുദ്‌സ് തലസ്ഥാനമായ പലസ്തീന്‍ രാജ്യത്തിനുള്ള പിന്തുണ കൗണ്‍സില്‍ ആവര്‍ത്തിച്ചു.

കിഴക്കന്‍ അല്‍ ഖുദ്‌സിലെ പലസ്തീനികളുടെ വീടുകള്‍ ഇസ്രയേല്‍ അധിനിവേശം നടത്തി തകര്‍ത്തതിനെ കൗണ്‍സില്‍ അപലപിച്ചു. വിഷയത്തില്‍ ഇടപെട്ട് നഗരത്തിലെ പലസ്തീനികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു.  

വെസ്റ്റ് ബാങ്കിലെ അനധികൃത വാസസ്ഥലങ്ങള്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കങ്ങളെ കൗണ്‍സില്‍ എതിര്‍ത്തു. ഇത് യു.എന്‍ ചാര്‍ട്ടറിന്റെയും 2016 ലെ യു.എന്‍ രക്ഷാസമിതിയുടെ 2334-ാം നമ്പര്‍ പ്രമേയത്തിന്റെയും കടുത്ത ലംഘനമാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. 

ആക്രമണങ്ങളെ പിന്തുണക്കുന്ന ഇറാൻ നിലപാട് അപലപനീയം 

യു.എ.ഇയുടെ മൂന്ന് ദ്വീപുകളില്‍ ഇറാന്‍ അധിനിവേശം നടത്തിയതിനെയും സുപ്രീം കൗണ്‍സില്‍ അപലപിച്ചു. മൂന്ന് ദ്വീപുകളുടെയും പരമാധികാരം യു.എ.ഇയ്ക്കാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദ്വീപുകളില്‍ ഇറാന്‍ ചെയ്യുന്ന ഏത് പ്രവൃത്തിയും അവിടത്തെ യു.എ.ഇയുടെ ചരിത്രപരവും നിയമപരവുമായ വസ്തുതകളെ ഇല്ലാതാക്കില്ല. നേരിട്ടുള്ള ചര്‍ച്ചകളിലൂടെയോ അന്താരാഷ്ട്ര നീതിന്യായ കോടതിയിലൂടെയോ പ്രശ്‌നം പരിഹരിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങളോട് പ്രതികരിക്കാന്‍ ഇറാനോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

യു.എന്‍ ചാര്‍ട്ടറിനോട് പ്രതിജ്ഞാബദ്ധത കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കണമെന്നും മറ്റ് രാജ്യങ്ങളുടെ പരമാധാകാരത്തെ ബഹുമാനിക്കണമെന്നും അവരുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടരുതെന്നും കൗണ്‍സില്‍ ഇറാനോട് ആവശ്യപ്പെട്ടു. കൗണ്‍സില്‍ നിശ്ചയിച്ച് ഇറാനെ അറിയിച്ച തത്വങ്ങളെ അടിസ്ഥാനമാക്കി ജി.സി.സിയും ഇറാനും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. അറബ് മേഖലയിലെ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നതിനെ തള്ളിയ കൗണ്‍സില്‍ വിഭാഗീയ ശ്രമങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന എല്ലാ ഭീകരാക്രമണങ്ങളെയും അപലപിച്ചു. സിവിലിയന്മാരെ ലക്ഷ്യമിടാനായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും നല്‍കിക്കൊണ്ട് വിഭാഗീയ, ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത് ഇറാന്‍ അവസാനിപ്പിക്കണം. 

യമനിലെ രാഷ്ട്രീയ പരിഹാരം 

പ്രസിഡന്റ് അബ്ദു റബ്ബ്  മന്‍സൂര്‍ ഹാദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും യെമനിലെ പ്രതിസന്ധി അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരത്തിലെത്തണമെന്ന കാര്യത്തില്‍ കൗണ്‍സില്‍ ഉറച്ച നിലപാട് സ്വീകരിച്ചു. യെമന്റെ ഐക്യം, സമഗ്രത, പരമാധികാരം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്ന തരത്തില്‍ ഇത് നടപ്പാക്കാന്‍ നാഷണല്‍ ഡയലോഗ് കോണ്‍ഫറന്‍സ് സമ്മേളനത്തിന്റെ തീരുമാനങ്ങളും യു.എന്‍ രക്ഷാസമിതിയുടെ 2216-ാം നമ്പര്‍ പ്രമേയവും നടപ്പാക്കണം. രാഷ്ട്രീയ പരിഹാരത്തിനായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന് കൗണ്‍സില്‍ നന്ദി പറഞ്ഞു. യെമന്‍ സര്‍ക്കാറും സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും തമ്മില്‍ 2020 ജൂലൈ 29 ന് ഒപ്പുവച്ച റിയാദ് കരാര്‍ സാധ്യമാക്കാനായുള്ള സൗദിയുടെയും യു.എ.ഇയുടെയും  പരിശ്രമങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. 

സഹോദര രാജ്യമായ യെമനിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാനായി 2020 ഡിസംബര്‍ 30 ന് യെമനിലെ താല്‍ക്കാലിക തലസ്ഥാനമായ ഏഡനില്‍ രൂപം കൊടുത്ത സര്‍ക്കാറിനെ സുപ്രീം കൗണ്‍സില്‍ സ്വാഗതം ചെയ്തു. സര്‍ക്കാറിനെ ലക്ഷ്യമിട്ട് ഏഡന്‍ വിമാനത്താവളത്തില്‍ നടത്തിയ ഭീകരാക്രമണത്തെ കൗണ്‍സില്‍ അപലപിച്ചു. 

യെമന്‍ ഗവര്‍ണറേറ്റുകളിലെ ഫീല്‍ഡ് ബ്രാഞ്ചുകളിലൂടെ കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ കൈവരിച്ച നേട്ടങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു. ഗവര്‍ണറേറ്റുകളില്‍ യെമനു വേണ്ടി സൗദി നടത്തിയ വികസന, പുനര്‍നിര്‍മ്മാണ പദ്ധതികളെയും കൗണ്‍സില്‍ അഭിനന്ദിച്ചു. 2015 മുതല്‍ അംഗരാജ്യങ്ങള്‍ യെമന് നല്‍കിയ മാനുഷികമായ സഹായങ്ങള്‍ 1300 കോടി ഡോളറില്‍ എത്തിയെന്ന് കൗണ്‍സില്‍ അറിയിച്ചു. യെമന് വേണ്ടി പ്രത്യേക സമ്മേളനം നടത്തി 135 കോടി ഡോളര്‍ സമാഹരിച്ച് നല്‍കിയതിന് സൗദിയെ കൗണ്‍സില്‍ അഭിനന്ദിച്ചു. കൊവിഡ്-19 ഭീഷണി നേരിടാന്‍ ഈ തുക ഉപയോഗപ്പെട്ടു. 

ഹുദൈദ തീരത്ത് ചെങ്കടലിലുള്ള എണ്ണ ടാങ്കറിന്റെ പരിപാലനവും പരിശോധനയും നടത്താനായി എത്തിയ ഐക്യരാഷ്ട്രസഭയുടെ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഇറാന്റെ പിന്തുണയുള്ള ഹൂദി സംഘം തടഞ്ഞതിനെ കൗണ്‍സില്‍ അപലപിച്ചു. ടാങ്കറില്‍ പത്ത് ലക്ഷത്തിലധികം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഉള്ളത്. ഇത് പാരിസ്ഥിതികവും സാമ്പത്തികവുമായ ദുരന്തമാണ് സൃഷ്ടിക്കുക. യെമന് അപ്പുത്തേക്ക് വരെ ഇത് ദുരന്തം വിതയ്ക്കും. 

ഇറാഖിലെ ഐക്യത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത കൗണ്‍സില്‍ ആവര്‍ത്തിച്ചു. ഭീകരവാദ സംഘങ്ങളെ നേരിടുന്നതില്‍ ഇറാഖിന് നല്‍കുന്ന പിന്തുണ തുടരുമെന്ന് കൗണ്‍സില്‍ ആവര്‍ത്തിച്ചു. സിറിയയെ കുറിച്ചും കൗണ്‍സില്‍ ഇതേ വികാരം പങ്കുവച്ചു. ജനീവ 1 തത്വങ്ങളെയും യു.എന്‍ രക്ഷാസമിതിയുടെ 2254-ാം നമ്പര്‍ പ്രമേയത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പ്രമേയത്തെ കൗണ്‍സില്‍ പിന്തുണയ്ക്കുന്നു. 

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വന്തം നഗരങ്ങളിലേക്ക് മടങ്ങാന്‍ സഹായിക്കാനും അവര്‍ അഭയം തേടിയ നഗരങ്ങളില്‍് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനുമുള്ള യു.എന്‍ ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. സിറിയയിലെ ഇറാന്റെ സാന്നിധ്യത്തെയും സിറിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നതിനെയും കൗണ്‍സില്‍ അപലപിച്ചു. എല്ലാ ഇറാനിയന്‍ സേനകളോടും ഹിസ്ബുള്ളയോടും മറ്റ് വിഭാഗീയ സംഘങ്ങളോടും സിറിയ വിട്ട് പോകാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

ലെബനനിലെ സംഭവവികാസങ്ങള്‍ കൗണ്‍സില്‍ നിരീക്ഷിച്ച് വരികയാണ്. ലെബനന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങള്‍ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ലെബനന്‍ ഭരണകൂടം നേരിടുന്ന വെല്ലുവിളികളോട് പ്രതികരിക്കാന്‍ ലെബനനിലെ ജനതയ്ക്ക് കഴിയുമെന്ന് സുപ്രീം കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ഈജിപ്തിന്റെ ഭീകരവാദ വിരുദ്ധ ശ്രമങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു. 'എത്യോപ്യന്‍ നവോത്ഥാനത്തിന്റെ അണക്കെട്ട്' (Grand Ethiopian Renaissance Dam) പ്രശ്‌നം പരിഹരിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ പിന്തുണ അറിയിച്ചു. 

ജോര്‍ദാന്റെ സുരക്ഷയോടും സ്ഥിരതയോടുമുള്ള കൗണ്‍സിലിന്റെ പ്രതിബദ്ധത കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. ജി.സി.സിയും ജോര്‍ദാനും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണ കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

ലിബിയന്‍ മണ്ണിന്റെ ഐക്യം നിലനിര്‍ത്തുന്നതും സുരക്ഷയും സ്ഥിരതയും ഉറപ്പു നല്‍കുന്നതുമായ രാഷ്ട്രീയ പ്രമേയത്തിന് ഉറച്ച പിന്തുണ നല്‍കുന്നതായി കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഐ.എസ്.ഐ.എസിനെ നേരിടാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കൗണ്‍സില്‍ പിന്തുണ അറിയിച്ചു. ലിബിയയിലെ വെടിനിര്‍ത്തല്‍ കരാറിനെ കൗണ്‍സില്‍ സ്വാഗതം ചെയ്തു. എല്ലാ ലിബിയന്‍ പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ വിജയിക്കുമെന്ന് കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ജുബ സമാധാന കരാറിലെത്തിയ സുഡാനിലെ ജനങ്ങളെയും നേതൃത്വത്തെയും സുപ്രീം കൗണ്‍സില്‍ അഭിനന്ദിച്ചു. സുഡാന്റെ ഐക്യം നിലനിര്‍ത്തുന്നതിനും വിദേശ ഇടപെടലില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ജി.സി.സി അംഗരാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക സുഡാന്റെ പേര് നീക്കം ചെയ്തതിനെ കൗണ്‍സില്‍ സ്വാഗതം ചെയ്തു. രാജ്യത്തിന് പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഘട്ടത്തിലേക്ക് നീങ്ങാന്‍ കഴിയുമെന്ന പ്രത്യാശയും കൗണ്‍സില്‍ പ്രകടിപ്പിച്ചു. 

 

അഫ്ഗാനിസ്ഥാനിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള പ്രതിജ്ഞാബദ്ധത സുപ്രീം കൗണ്‍സില്‍ തുടരും. 2020 ഫെബ്രുവരിയില്‍ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പിടാനായി ഖത്തര്‍ നടത്തിയ ശ്രമങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു. 2020 സെപ്റ്റംബറില്‍ ദോഹയില്‍ ആരംഭിച്ച അഫ്ഗാന്‍ സമാധാന ചര്‍ച്ചകളെയും കൗണ്‍സില്‍ അഭിനന്ദിച്ചു. ഈ ശ്രമങ്ങളുടെ ഫലമായി അഫ്ഗാന് സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് കൗണ്‍സില്‍ പ്രത്യാശിച്ചു. 

മ്യാന്‍മറിലെ റൊഹിങ്ക്യൻ  മുസ്‌ലിങ്ങളോടും മറ്റ് ന്യൂനപക്ഷങ്ങളോടുമുള്ള പെരുമാറ്റത്തെ കൗണ്‍സില്‍ അപലപിച്ചു. ക്രൂരമായ ആക്രമണവും ആസൂത്രിതമായ നാടുകടത്തലുമാണ് അവര്‍ക്കെതിരെ നടക്കുന്നത്. റൊഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കും ബംഗ്ലാദേശിലെ റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും ജി.സി.സി അംഗരാജ്യങ്ങള്‍ നല്‍കുന്ന സഹായങ്ങളെ കൗണ്‍സില്‍ ഉയര്‍ത്തിക്കാട്ടി. 

ചൈന, ഇന്ത്യ, പാകിസ്താന്‍, ഓസ്ട്രേലിയ, ന്യൂസിലാന്റ്, യുകെ, മറ്റ് രാജ്യങ്ങള്‍ എന്നിവരുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളെ കുറിച്ചുള്ള ചര്‍ച്ചകളുടെ പുരോഗതിയെ കുറിച്ച് കൃത്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറലിനോട് നിര്‍ദ്ദേശിച്ചു. 

ബൈഡൻ ഭരണകൂടത്തിന് പിന്തുണ 

എല്ലാ മേഖലകളിലും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ സുപ്രീം കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. അറബ് മേഖലയുടെ സുരക്ഷ, ജലപാത, കപ്പല്‍ സഞ്ചാരത്തിനുള്ള സ്വാതന്ത്ര്യം എന്നിവ വര്‍ധിപ്പിക്കുന്നതിനായി മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ കൗണ്‍സില്‍ അഭിനന്ദിച്ചു. 

യുകെ, ഫ്രാന്‍സ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇ.എഫ്.ടി.എ), ദക്ഷിണ അമേരിക്കയിലെ സതേണ്‍ കോമണ്‍ മാര്‍ക്കറ്റ് (മെര്‍കോസുര്‍), അമേരിക്കയിലെയും യൂറോപ്പിലെയും മറ്റ് സംഘടനകള്‍ എന്നിവരുമായുള്ള തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കാനും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കാനും ആഫ്രിക്കയിലെ സജീവമായ രാജ്യങ്ങളുമായും സംഘടനകളുമായും സഹകരിക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. 

ഉച്ചകോടിയ്ക്ക് ആതിഥ്യമരുളിയതിനും ഊഷ്മളമായ സ്വീകരണത്തിനും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിനോടും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനോടും സൗദിയിലെ ജനങ്ങളോടും സുപ്രീം കൗണ്‍സില്‍ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. 

ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ 42-ാമത് ഉച്ചകോടി സൗദി അറേബ്യയില്‍ നടത്തുന്നതിനും സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കി. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News