Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദുബായ് എക്‌സ്‌പോ വേദിയിലേക്കുള്ള മെട്രോ സര്‍വ്വീസ് 'റൂട്ട്-2020' ജനുവരി ഒന്നിന് ആരംഭിക്കും

December 19, 2020

December 19, 2020

ദുബായ്: മെട്രോയുടെ റെഡ്‌ലൈനില്‍ നിന്ന് ദുബായ് എക്‌സ്‌പോയുടെ വേദിയിലേക്കുള്ള റൂട്ട്-2020 മെട്രോ സര്‍വ്വീസ് 2021 ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജബല്‍ അലി സ്‌റ്റേഷന്‍ മുതല്‍ എക്‌സ്‌പോ 2020 സ്‌റ്റേഷന്‍ വരെയുള്ള മെട്രോ റൂട്ടാണ് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ മുഹമ്മദ് അല്‍ തയറാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. 

ആദ്യഘട്ടത്തില്‍ ഈ റൂട്ടില്‍ ജബല്‍ അലി (ഇന്‍ര്‍ചേഞ്ച് സ്‌റ്റേഷന്‍), ദി ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫര്‍ജാന്‍ എന്നീ നാല് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. ശേഷിക്കുന്ന മൂന്ന് സ്റ്റേഷനുകള്‍ പിന്നീട് തുറക്കും. 

റൂട്ട്-2020 തുറന്നു കൊണ്ടാണ് ആര്‍.ടി.എ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് മത്താര്‍ മുഹമ്മദ് അല്‍ തയര്‍ പറഞ്ഞു. ദി ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫര്‍ജാന്‍, ജുമൈറ ഗോള്‍ഫ് റിയല്‍ എസ്റ്റേറ്റ്‌സ്, ദുബായ് ഇന്‍വസ്റ്റ്‌മെന്റ് പാര്‍ക്ക് തുടങ്ങിയ ജനസാന്ദ്രത കൂടിയ ജില്ലകളിലാണ് റൂട്ട്-2020 സര്‍വ്വീസ് നടത്തുന്നത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ് ഈ ജില്ലകളില്‍ താമസിക്കുന്നത്. 

ഓരോ സ്‌റ്റേഷന്റെയും സമീപമുള്ള ജനസാന്ദ്രത, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, പ്രദേശത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍, മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളുമായുള്ള ബന്ധം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ ഈ റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തത്. 

നാല് പരിശോധനകളും പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് റൂട്ട്-2020 യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. മെട്രോ ട്രയിനുകളുടെയും മറ്റ് സംവിധാനങ്ങളുടെയും സ്റ്റാറ്റിക് ടെസ്റ്റ്, യാത്രക്കാരില്ലാതെ ട്രയിന്‍ ഓടിച്ചുള്ള പരിശോധന, സിസ്റ്റത്തിന്റെ കാര്യക്ഷമതയുടെയും സ്ഥിരതയുടെയും പരിശോധന, വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുമ്പായി മെട്രോ അതിന് സജ്ജമാണോ എന്നുള്ള ഓപ്പറേറ്റര്‍ നടത്തിയ പരിശോധന എന്നിവയാണ് ഈ നാല് പരിശോധനകള്‍. 

ജബല്‍ അലി സ്‌റ്റേഷനില്‍ നിന്ന് അല്‍ ഫര്‍ജാനിലേക്കും തിരിച്ചുമാണ് റൂട്ട്-2020 ന്റെ ആദ്യ യാത്ര ആരംഭിക്കുക. രാവിലെ അഞ്ച് മണി മുതല്‍ രാത്രി 12 വരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക. വ്യാഴാഴ്ചകളില്‍ ഇത് രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒരു മണി വരെയാകും. വെള്ളിയാഴ്ചകളില്‍ മെട്രോ സര്‍വ്വീസ് രാവിലെ 10 മണിക്ക് തുടങ്ങി രാത്രി ഒരു മണിക്ക് അവസാനിക്കും. 

ജബല്‍ അലി സ്‌റ്റേഷന്‍ മുതല്‍ അല്‍ ഫര്‍ജാന്‍ സ്റ്റേഷന്‍ വരെ ഓടിയെത്താന്‍ മെട്രോ ട്രയിനിന് ആറ് മിനുറ്റ് മതിയാകും. ഓരോ പത്ത് മിനുറ്റിലും ഒരു ട്രയിന്‍ എന്ന നിലയില്‍ മണിക്കൂറില്‍ ആറ് ട്രയിനുകള്‍ ഒരു സ്റ്റേഷനിലെത്തും. ഒരു മണിക്കൂറില്‍ ഒരു ദിശയിലേക്ക് മാത്രം 4176 യാത്രക്കാരെ കൊണ്ടു പോകാന്‍ റൂട്ട്-2020 ന് കഴിയും. 

നാല് സ്‌റ്റേഷനുകളിലുമായി 19 ബസുകളും സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ ടാക്‌സി സര്‍വ്വീസും ലഭ്യമാണ്. നാല് സ്റ്റേഷനുകളും എലവേറ്റഡ് സ്റ്റേഷനുകളാണ്. 

റൂട്ട്-2020 ല്‍ ഇരു ദിശകളിലുമായി മണിക്കൂറില്‍ 46,000 യാത്രക്കാരെ കൊണ്ട് പോകാനുള്ള ശേഷിയുണ്ട് (അതായത് ഒരു മണിക്കൂറില്‍ ഒരു ദിശയില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 23000). ഒരു ദിവസം റൂട്ട്-2020 വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 2021 ല്‍ 125000 ആകുമെന്നാണ് ആര്‍.ടി.എ കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 275000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എക്‌സ്‌പോ സ്‌റ്റേഷനില്‍ പ്രവൃത്തി ദിവസങ്ങളില്‍ 35000 യാത്രക്കാര്‍ എത്തുമെന്ന് ആര്‍.ടി.എ കണക്കാക്കുന്നു. വാരാന്ത്യങ്ങളില്‍ ഇത് 47000 ആയി ഉയരും. പ്രതിദിനം എക്‌സ്‌പോ സന്ദര്‍ശിക്കുന്നവരുടെ ആകെ എണ്ണത്തിന്റെ 29 ശതമാനമാകും ഇതെന്നും ആര്‍.ടി.എ പറയുന്നു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News