Breaking News
മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി |
പ്രവാസികളുടെ മടക്കം : കള്ളം പറയുന്നത് ആര്?

April 29, 2020

April 29, 2020

അൻവർ പാലേരി 

ദോഹ : ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കാരണം ആശങ്കയിൽ കഴിയുന്ന പ്രവാസി മലയാളികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങളെണ്ണി കഴിയുന്നതിനിടെ കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ പുലർത്തുന്നത് ആശങ്കയുണ്ടാക്കുന്നു. ഗൾഫിൽ നിന്നും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ഇതുപ്രകാരം മുൻഗണനാ പട്ടികയനുസരിച്ച് തിരിച്ചു പോകേണ്ടവരെ തെരഞ്ഞെടുക്കുമെന്നുമാണ് മുഖ്യമന്ത്രിയും നോർക്ക പ്രതിനിധികളും ആദ്യം അറിയിച്ചിരുന്നത്.ഗൾഫിലെ ചില നോർക്ക ഡയറക്റ്റർമാരും ഇക്കാര്യം അറിയിച്ചു കൊണ്ട് സമൂഹമാധ്യമങ്ങൾ വഴി വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതേതുടർന്ന് നേരത്തെ അറിയിച്ചതിലും വൈകി മാത്രം ആരംഭിച്ച നോർക്ക റജിസ്‌ട്രേഷൻ വഴി ഇതുവരെ മൂന്ന് ലക്ഷത്തിലധികം മലയാളികളാണ് രജിസ്റ്റർ ചെയ്തത്.

ഗർഭിണികൾ,കോവിഡ് അല്ലാത്ത അസുഖങ്ങൾ ഉള്ളവർ,സന്ദർശക വിസയിൽ എത്തിയവർ,ജോലി ഇല്ലാത്തവർ തുടങ്ങിയവർക്കാണ് ആദ്യം പരിഗണന ലഭിക്കുകയെന്ന് നോർക്ക അറിയിച്ചിരുന്നു. അതേസമയം,ഇക്കാര്യങ്ങളെല്ലാം പരോക്ഷമായി നിഷേധിക്കുന്ന തരത്തിൽ നാട്ടിലേക്ക് മടങ്ങാൻ  ആഗ്രഹിക്കുന്ന ഗൾഫ് പ്രവാസികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ തയാറാകുന്നവരിൽ പ്രഥമ പരിഗണന നൽകേണ്ടത് ആ൪ക്കാണെന്ന കാര്യത്തിൽ ഇതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക. കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനമനുസരിച്ചു ഓരോ ഗൾഫ് രാജ്യത്തെയും ഇന്ത്യൻ എംബസികൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ പ്രകാരമായിരിക്കും മുൻഗണനാ ക്രമം തീരുമാനിക്കുക. അതേസമയം,പ്രവാസികളെ നാട്ടിലെത്തിക്കേണ്ട കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതും യാത്രാ സൗകര്യം ഒരുക്കേണ്ടതും കേന്ദ്രമാണെന്നിരിക്കെ,യാത്രക്കാരുടെ മുൻഗണനാ ക്രമം ഉൾപെടെ നോർക്ക കാലേകൂട്ടി പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.

ഗൾഫിൽ നിന്ന് ഉൾപെടെ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് വലിയ പങ്കൊന്നും വഹിക്കാനില്ലെന്ന് അറിയുന്നവർ തന്നെയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികളെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിച്ചത്. ഗൾഫിലെ ചില നോർക്ക ഡയറക്റ്റർമാർക്കും കാര്യമറിയാതെ എടുത്തു ചാടുന്ന ചില മാധ്യമപ്രവർത്തകർക്കും ഇക്കാര്യത്തിൽ ചെറുതല്ലാത്ത പങ്കുണ്ട്. നോർക്ക രജിസ്‌ട്രേഷൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള പെട്ടിയും കിടക്കയും ചുരുട്ടിക്കെട്ടാൻ നിർദേശിച്ചു കൊണ്ട് പ്രവാസികളെ സന്തോഷ വർത്തയറിക്കാൻ വീഡിയോ സന്ദേശങ്ങൾ തയാറാക്കിയ ഓൺലൈൻ സെലിബ്രിറ്റികളും ഗൾഫിലെ ചില മാധ്യമപ്രവർത്തകരും നോർക്ക ഡയറക്റ്റർമാരുമൊക്കെ ഇപ്പോൾ മൗനവ്രതത്തിലാണ്. കാര്യങ്ങൾ കൈവിടുമെന്നായപ്പോൾ ആദ്യം യാത്ര ചെയ്യേണ്ടവരുടെ മുൻഗണനാ ക്രമം തീരുമാനിക്കുന്നതിനല്ല നോർക്ക രജിസ്ട്രേഷനെന്നും തിരിച്ചെത്തുന്നവർക്കുള്ള ചികിത്സയും ക്വറന്റൈൻ സൗകര്യം ഒരുക്കുന്നതിനാണെന്നും വിശദീകരിച്ചു കൊണ്ട് സംസ്ഥാനത്തെ ചില മന്ത്രിമാരും നോർക്കയിലെ ഉത്തരവാദപ്പെട്ടവരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം,ഗൾഫിൽ നിന്നും പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതായി കേന്ദ്രം അറിയിക്കുമ്പോഴും ഗൾഫിലെ മിക്ക ഇന്ത്യൻ എംബസികളും ഇതിനാവശ്യമായ യാതൊരു മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടില്ല. ഖത്തറിലെ ഇന്ത്യൻ എംബസി മാത്രമാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയത്. ചൊവ്വാഴ്ച വരെ 15,000 പേർ രജിസ്‌ട്രേഷൻ ചെയ്തതായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമരൻ അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിൽ നിന്നും ഉത്തരവ് ലഭിച്ചാൽ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങുമെന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ അവസ്ഥയും മറിച്ചല്ല. കോവിഡ് കേസുകൾ ഗണ്യമായി കൂടുന്ന പശ്ചാത്തലത്തിൽ നാട്ടിലെത്തിക്കണമെന്ന ആവിശ്യവുമായി സാമുഹിക മാധ്യമങ്ങൾ വഴിയും ഇ-മെയിൽ വഴിയും നിരവധി പരാതികൾ നേരത്തെ തന്നെ പ്രവാസികളിൽ നിന്ന് എംബസികൾക്ക് ലഭിച്ചിരുന്നു. നാട്ടിലെത്തുന്ന പ്രവാസികൾക്ക് മതിയായ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കി കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. അതേസമയം വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്നത് പ്രവാസികളുടെ മടക്കയാത്ര വൈകാൻ ഇടയാക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News