Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
പരപ്പനങ്ങാടിയിലും പക്ഷിപ്പനി: കൺട്രോൾ റൂമുകൾ തുറന്നു.അതീവ ജാഗ്രത

March 12, 2020

March 12, 2020

മലപ്പുറം : കോഴിക്കോട് ജില്ലയ്ക്ക് പുറമെ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്തെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലായിരത്തോളം കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാനും പത്ത് കിലോമീറ്റര്‍ പരിധിയിലെ കോഴിക്കടകളും മുട്ടവില്‍പ്പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പ്പനശാലകളും അടപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

കടകളിലുള്ള കോഴികളെ ഇക്കാലയളവില്‍ ഭക്ഷണം നല്‍കി സംരക്ഷിക്കാനാണ് നിര്‍ദേശം. ഈ കോഴികളെ യാതൊരു കാരണവശാലും വില്‍ക്കാന്‍ പാടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കോഴി വിഭവങ്ങള്‍ തയ്യാറാക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കാനാണ് നിര്‍ദേശം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ ബോധവന്‍മാരാകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ജനങ്ങള്‍ക്കാവശ്യമായ സഹായത്തിനും സംശയനിവാരണത്തിനുമായി ജില്ലാ തലത്തിലും തിരൂരങ്ങാടി വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ചും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഏഴ് അംഗങ്ങള്‍ വീതമുള്ള 10 ടീമുകളെയും നിയോഗിച്ചു. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. പത്ത് ടീമുകളാണ് പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങുക. ആവശ്യഘട്ടത്തില്‍ മറ്റുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടാകും. ഇവര്‍ക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഒരുക്കും.

മാര്‍ച്ച്‌ 14 മുതല്‍ 16 വരെയുള്ള കാലയളവിലാണ് കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുക. ഇവയെ പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ജലസ്രോതസ്സുകളെ ബാധിക്കാത്ത വിധം സുരക്ഷിതമായി സംസ്‌കരിക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും മറ്റുള്ളവര്‍ക്കും അതത് മേഖലകളിലെത്തുന്നതിനും കോഴികളെയും പക്ഷികളെയും സംസ്്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനുമായി ഏഴ് പേരെ ഉള്‍ക്കൊള്ളുന്ന പത്ത് വാഹനങ്ങളും പത്ത് ഗുഡ്‌സ് ഓട്ടോകളുമാണ് ലഭ്യമാക്കുക. സുരക്ഷിതത്വത്തിനായി പിപി കിറ്റുകള്‍, മാസ്കുകൾ,കയ്യുറകൾ എന്നിവയും ശുചീകരണ സാമഗ്രികളും എത്രയും വേഗം സജ്ജീകരിക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പരപ്പനങ്ങാടി, തിരൂരങ്ങാടി റസ്റ്റ് ഹൗസുകളിലും അനുയോജ്യമായ മറ്റിടങ്ങളിലും താമസവും ഭക്ഷണവും ഒരുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ മരുന്നുകളും നല്‍കും. ഇതിനെല്ലാം മുന്നോടിയായി പ്രതിരോധ നടപടികളില്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റും നടത്തും. രോഗബാധയുള്ളവരെ നിരീക്ഷിക്കാന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡും വീടുകളില്‍ ഐസൊലേഷന്‍ സൗകര്യവുമൊരുക്കും. 14 ദിവസത്തേക്കായിരിക്കും നിരീക്ഷണം. കൊല്ലേണ്ടി വരുന്ന കോഴികളുടെയും വളര്‍ത്തുപക്ഷികളുടെയും വില കണക്കാക്കി നഷ്ടപരിഹാരത്തിനായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം കടലുണ്ടിപക്ഷി സങ്കേതത്തില്‍ ദേശാടനപക്ഷികളെത്തുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെരുവള്ളൂരില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം നെഗറ്റീവാണ്. പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുണ്ടായാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബോധപൂര്‍വമുള്ള നിസ്സഹകരണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ആവശ്യഘട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഇടപെടും.

ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപനയോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സകീന, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. സി. മധു, ജില്ലാ ഓഫീസര്‍ ഡോ. റാണി.കെ.ഉമ്മന്‍, മലപ്പുറം ഡി.വൈ.എസ.്പി ജലീല്‍ തോട്ടത്തില്‍, പരപ്പനങ്ങാടി സി.ഐ വിനോദ്, തിരൂരങ്ങാടി തഹസില്‍ദാര്‍ എം.എസ് ഷാജു, പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ജയകുമാര്‍, പരപ്പനങ്ങാടി, നെടുവ വില്ലേജ് ഓഫീസര്‍മാരായ പി.രാജേഷ്‌കുമാര്‍, വി.കെ നാരായണന്‍കുട്ടി, ഭക്ഷ്യസുരക്ഷാ വിഭാഗം, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.
 


Latest Related News