October 06, 2019
October 06, 2019
കെയ്റോ: ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാൻ ഇറാഖ് ഭരണകൂടത്തോട് അറബ് ലീഗ് ആഹ്വാനം ചെയ്തു. ഇറാഖിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായി തുടരുന്നതിനിടെയാണ് അറബ് ലീഗിന്റെ ഇടപെടൽ.
സ്ഥിതിഗതികൾ നിയന്ത്രിക്കാനും പ്രക്ഷോഭകാരികളെ അടക്കിനിർത്താനുമായി സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് അറബ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. പ്രക്ഷോഭത്തിന്റെ കാരണങ്ങൾ പരിഹരിക്കാൻ യഥാർത്ഥവും പ്രായോഗികവുമായ സംവാദത്തിന് സർക്കാർ തയാറാകണം- അറബ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനും രാജ്യത്ത് സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാനുമായി ഇറാഖ് ഭരണകൂടത്തിന് അറബ് ലീഗ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും തെക്കൻ പ്രവിശ്യകളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. സംഭവത്തിൽ ഇതുവരെയായി 120 പേർ മരിക്കുകയും 2,500 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.